കവളപ്പാറയിലും പൂത്തുമലയിലും തിരച്ചില്‍ തുടരുന്നു ; കണ്ടെത്താനുള്ളത് 18 പേരെ
കവളപ്പാറയിലും പൂത്തുമലയിലും കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍ 13 പേരേയും പൂത്തുമലയില്‍ 5 പേരെയും ഇനിയും കണ്ടെത്താന്‍ ഉണ്ട്. ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങളും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. ഇതുവരെയുള്ള തിരച്ചിലില്‍നിന്നും 46 പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്താനായി.
വയനാട് പൂത്തുമലയില്‍ കാണാതായ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തുള്ള ഏലവയില്‍ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ഇപ്പോള്‍ സൂചിപ്പാറ പ്രദേശത്താണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് തിരച്ചില്‍ ഇവിടെ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.
ഇന്നലെ കവളപ്പാറയില്‍ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. 13 പേരെക്കൂടി ഇനിയും അവിടെനിന്നും കണ്ടെത്താനുണ്ട്. മാത്രമല്ല ഹൈദരാബാദില്‍നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലും ഫലം കണ്ടിരുന്നില്ല. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസ്സമായത്.
പുത്തുമലയില്‍ ഞായറാഴ്ച കണ്ടെത്തിയ പുരുഷന്റെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം രണ്ടു ദിവസത്തിനുളളില്‍ ലഭിക്കുമെന്നാണ് സൂചന.
കവളപ്പാറയിലെ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ നടത്തിയ തെരച്ചിലില്‍ മറ്റൊരു മൃതദേഹത്തിന്റെ ഒരുഭാഗം കിട്ടിയിരുന്നു.
ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ വീടുകള്‍ നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നു തന്നെയാണ് മൃതദേഹവും മറ്റൊരു മൃതദേഹത്തിന്റെ ഭാഗവും കിട്ടിയത്. നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ തന്നെ കുറച്ചു കൂടി ആഴത്തില്‍ കുഴിച്ച് മണ്ണ് നീക്കിയപ്പോഴായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചില്‍ തുടരുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ അറിയിച്ചു.