പ്രളയവും മണ്ണിടിച്ചിലും : ഷൂട്ടിങ്ങിനു പോയ മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി
കനത്ത മഴയും മണ്ണിടിച്ചിലും കാരണം നടി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട 30 അംഗ മലയാളി സംഘം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി കിടക്കുന്നു. സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛത്രുവില്‍ എത്തിയതായിരുന്നു മഞ്ജുവും സംഘവും. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം മഞ്ജു ഉള്‍പ്പെടെയുള്ളവര്‍ ഛത്രുവില്‍ കുടുങ്ങുകയായിരുന്നു
കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.
കനത്ത മണ്ണിടിച്ചിലും മഴയും കാരണം സംഘത്തിന് ഛത്രുവില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി മഞ്ജുവാര്യര്‍ നേരിട്ട് സഹോദരനെ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈയില്‍ ഉള്ളതെന്നാണ് സൂചന.
അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഷൂട്ടിംഗ് സംഘത്തെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ അറിയിച്ചു. തലസ്ഥാനമായ ഷിംലയില്‍ നിന്നും 330 കിമീ ദൂരെയാണ് ഛത്രു.മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രുവില്‍ എത്തിയിട്ട്.
ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളില്‍ തല്‍ക്കാലിക റോഡ് നിര്‍മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ മരണം 80 കടന്നു. ഉത്തരാഖണ്ഡില്‍ ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചത്. യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്.