കേരളാ പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥ ; എസ്‌ഐക്കെതിരെ ആരോപണമുന്നയിച്ച് എഎസ്‌ഐയുടെ ആത്മഹത്യ

മേലുദ്യോഗസ്ഥനെതരുടെ പീഡനത്തെ തുടര്‍ന്ന് കേരളാ പോലീസില്‍ വീണ്ടും ആത്മഹത്യ. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ ആയ പി സി ബാബുവാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിന് മുന്‍പ് സ്റ്റേഷന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ എസ് ഐ രാജേഷിനെതിരെ ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബു ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ആലുവ റൂറല്‍ എസ്പി അറിയിച്ചു. ആലുവ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കല്‍ ലീവില്‍ ആയിരുന്നു ബാബു. കടുത്ത ജോലി സമ്മര്‍ദ്ദത്തിലാണ് താനെന്ന് ഇയാള്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കളും പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി എടുക്കണം എന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

അതേസമയം രണ്ടാഴ്ച മുമ്പ് സ്റ്റേഷനില്‍ ബാബു കുടുംബവുമായി ചെന്ന് താന്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട് എന്ന കാര്യം സിഐ യെ അറിയിച്ചിരുന്നതായി ബന്ധു ഉദയന്‍ ഏരൂര്‍ പറഞ്ഞു.കഴിഞ്ഞ 18 മുതല്‍ മെഡിക്കല്‍ ലീവ് എടുത്തപ്പോള്‍ ലീവ് മാര്‍ക് ചെയ്യും എന്നും സസ്‌പെന്‍ഡ് ചെയ്യും എന്നും എസ് ഐ പറഞ്ഞതായി ബാബുവിന്റെ സുഹൃത്ത് റിയാസ് കുട്ടമശ്ശേരിയും വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്  മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു . ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് കുമാറിന്റെ മരണത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.