ചിദംബരത്തിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. നിലവില്‍ അയോധ്യ കേസ് പരിഗണിക്കുകയാണ് ചീഫ് ജസ്റ്റിസ്.
അതേസമയം പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേ ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
ചിദംബരത്തിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയും പിന്നീട് 12 മണിക്കും സബിഐ സംഘം എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജോര്‍ബാഗിലുള്ള വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം അഭിഭാഷകന്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചിദംബരത്തെ ചോദ്യം ചെയ്യാനായി സിബിഐ സംഘം രാവിലെ വീണ്ടും ജോര്‍ബാഗിലുള്ള വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയാഞ്ഞതോടെ മടങ്ങേണ്ടി വരികയായിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപപ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയത് സംബന്ധിച്ചാണ് കേസ്. ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്.