കെവിന്‍ വധം ദുരഭിമാനക്കൊല എന്ന് കോടതി , 10 പേര്‍ കുറ്റക്കാര്‍
വിവാദമായ കെവിന്‍ വധക്കേസ് ദുരഭിമാനക്കൊല തന്നെയെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസില്‍ 10 പേര്‍ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി 4 പേരെ കുറ്റവിമുക്തരാക്കി. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി ഇതോടെ കെവിന്‍ വധക്കേസ്. നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.
കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ കുറ്റക്കാരനാണ്. എന്നാല്‍ പിതാവ് ചാക്കോ ജോണിനെ കോടതി വെറുതെ വിട്ടു. ശിക്ഷാവിധി ശനിയാഴ്ച. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.
1,2,3,4,6,7,8,9,11,12 എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെയുള്ള 4 പ്രതികളെ കോടതി വെറുതെ വിട്ടു.സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍,റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തന്നതില്‍ ഇവര്‍ 10 പേരും നേരിട്ട് പങ്കു വഹിച്ചെന്ന് കോടതി കണ്ടെത്തി.
ചാക്കോ ജോണ്‍ അടക്കം നാല് പ്രതികളെ കോടതി വെറുതേ വിട്ടു. നിയാസാണ് കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ആസൂത്രണം നടത്തിയ ആള്‍. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ , പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്.
ചാക്കോയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ വാട്സാപ്പ് സന്ദേശമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. എന്നാല്‍ ഇത് കെവിനെ തട്ടികൊണ്ടുപോകാന്‍ ഷാനുവും സംഘവും യാത്ര തിരിച്ചതിന് ശേഷമാണ് ലഭിച്ചത്. അതിനാല്‍ ചാക്കോയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇത് കണക്കിലെടുത്ത് സംശയത്തിന്റെ ആനുകൂല്യം ചാക്കോയ്ക്ക് ലഭിച്ചത്.
വെറുതെ വിട്ട ചാക്കോ ഉള്‍പ്പെടെ 4 പ്രതികള്‍ക്കും കൃത്യത്തില്‍ നേരിട്ടുപങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതും കോടതി അംഗീകരിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
2019 ഏപ്രില്‍ 24 ന് വിചാരണ ആരംഭിച്ച കേസില്‍ 2019 ജൂലൈ 30 നാണ് വിചാരണ പൂര്‍ത്തിയായത്. 113 സാക്ഷികളെ കേസിന്റെ ഭാഗമായി വിസ്തരിച്ചു. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല.