ജാമ്യമില്ലാ ; തിങ്കളാഴ്ചവരെ ചിദംബരം സി ബി ഐ കസ്റ്റഡിയില്‍
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. ചിദംബരത്തെ ആഗസ്റ്റ് 26 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയിലാണ് ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി കസ്റ്റഡി അനുവദിച്ചത്. ജാമ്യ ഹര്‍ജിയില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്.
അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ചിദംബരത്തെ വിട്ടു നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
വിശദമായ വാദപ്രതിവാദങ്ങളാണ് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതിയില്‍ നടന്നത്. ഒരിടക്ക് സ്വന്തമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം കോടതിയില്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ എതിര്‍പ്പ് വകവയ്ക്കാതെ കോടതി സ്വന്തം വാദം ഉന്നയിക്കാന്‍ ചിദംബരത്തിന് അവസരവും നല്‍കി.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസില്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായത്. ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേല്‍ ചുമത്തിയിരുന്നതാണെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നുവെന്നും എസ്ജി കോടതിയില്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
മിണ്ടാതിരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമായിരിക്കാം. പക്ഷേ കേസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം ഒരിക്കലും ചിദംബരം നല്‍കിയില്ലെന്ന് കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. മറ്റ് പ്രതികളോടൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്ജി വാദിച്ചു (ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു)
ദില്ലി ഹൈക്കോടതിയില്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് ജെ. ഗൗര്‍ നടത്തിയ വിധിപ്രസ്താവവും കോടതിയില്‍ എസ്ജി പരാമര്‍ശിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്നും കോടതി വിധിയില്‍ പരാമര്‍ശിച്ചത് മേത്ത ചൂണ്ടിക്കാട്ടി.
കസ്റ്റഡിയില്‍ ചിദംബരം തുടരേണ്ടതുണ്ടെന്നും എങ്കിലേ അന്വേഷണം ഫലപ്രദമാകൂ എന്നും സിബിഐ. കേസ് ഡയറിയും അന്വേഷണത്തിന്റെ നാള്‍വഴിയും കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് സിബിഐക്ക് വേണ്ടി ഹാജരായ എസ്ജി വാദിച്ചു. ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും സിബിഐ വ്യക്തമാക്കി. ഇതിന് പിന്‍ബലമായിട്ടാണ് കേസ് ഡയറിയടക്കമുള്ള രേഖകള്‍ സിബിഐ കോടതിയില്‍ ഹാജരാക്കിയത്.
മാത്രമല്ല, ചോദ്യം ചെയ്യലിലുടനീളം മുന്‍ ധനമന്ത്രി സഹകരിച്ചില്ലെന്ന് സിബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടി. വലിയ രേഖകള്‍ അടക്കം പരിശോധിക്കാനുള്ള അഴിമതിക്കേസായതിനാല്‍ ഒരു ദിവസത്തെ കസ്റ്റഡി മതിയാകില്ലെന്നായിരുന്നു സിബിഐ വാദം. കൂട്ടു പ്രതികളോടൊപ്പം ചിദംബരത്തെ ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. ഓരോരോ രേഖകളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു.
കേസിലെ മറ്റ് കക്ഷികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടിട്ടുണ്ടെന്ന് കപില്‍ സിബല്‍ചൂണ്ടിക്കാട്ടി. ആ ജാമ്യമൊന്നും സിബിഐ ചോദ്യം ചെയ്തിട്ടില്ല. കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും കപില്‍ സിബല്‍ പറഞ്ഞു. കരട് കുറ്റപത്രമായെങ്കില്‍ പിന്നെ കസ്റ്റഡി എന്തിനെന്ന ചോദ്യമാണ് കപില്‍ സിബല്‍ ഉന്നയിച്ചത്. വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുന്നത് ചിദംബരം ഒറ്റക്കല്ല, ആറ് ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ വേറെയുണ്ട്. അവര്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല.
ചോദിച്ച പന്ത്രണ്ട് ചോദ്യങ്ങളില്‍ ആറെണ്ണം നേരത്തെ ചോദിച്ചതാണ്. ചോദ്യങ്ങളെ കുറിച്ചു പോലും സിബിഐക്ക് വ്യക്തതയില്ലെന്നും പി ചിദംബരത്തിന്റെ അഭിഭാഷകന്‍ വാദിച്ചത് . ഇന്ദ്രാണി മുഖര്‍ജിയോ ഐഎന്‍എക്‌സ് മീഡിയാ കമ്പനിയോ പണം നല്‍കിയിട്ടുണ്ടെങ്കില്‍ രേഖകള്‍ എവിടെയെന്നും ഏത് അക്കൗണ്ടിലേക്ക് എങ്ങനെയാണ് പണം കൈമാറിയതെന്നും സിബിഐ വ്യക്തമാക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
കേസ് വാദം നടക്കുന്നതിനിടെ, തനിയ്ക്ക് നേരിട്ട് വാദിച്ചാല്‍ കൊള്ളാമെന്ന് അഭിഭാഷകന്‍ കൂടിയായ ചിദംബരം ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തെങ്കിലും കോടതി സംസാരിക്കാന്‍ അനുമതി നല്‍കി. അപൂര്‍വ്വ കീഴ്‌വഴക്കമെന്ന് വിലയിരുത്തുന്ന നടപടിക്കിടെ സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നു എന്ന് പി ചിദംബരം കോടതിയെ അറിയിച്ചു.
കേസിബിഐയുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ പ്രസക്തമായ ഒരു ചോദ്യവും സിബിഐ ചോദിച്ചില്ലെന്നും ചിദംബരം കോടതിയില്‍ പറഞ്ഞു. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും കോടതിയിലെത്തിയിരുന്നു.