ദേശീയ ഗാന വിവാദം ; ബിജെപി നേതാക്കള്‍ക്ക് ശിക്ഷ

ദേശിയ ഗാന വിവാദത്തില്‍ ബിജെപി നേതാക്കള്‍ക്ക് ശിക്ഷ. ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തിലാണ് നേതാക്കള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. തൃശൂര്‍ ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരെയാണ് ശിക്ഷിച്ചത്.

കോടതി പിരിയും വരെ തടവും 750 രൂപ വീതം പിഴയുമാണ് ശിക്ഷ. വിധി വന്ന വ്യാഴാഴ്ച തന്നെ ഇവര്‍ ശിക്ഷയേറ്റുവാങ്ങുകയും ചെയ്തു. തീയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ കമലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, മണ്ഡലം നേതാക്കളായ കെ.എ സുനില്‍ കുമാര്‍, ഇറ്റിത്തറ സന്തോഷ്, സതീഷ് ആമണ്ടൂര്‍, എം.യു ബിനില്‍, ഐ.ആര്‍ ജ്യോതി, റാക്‌സണ്‍ തോമസ്, ഉദയന്‍, ലാലന്‍ എന്നിവര്‍ക്കാണ് തടവും 750 രൂപയും ശിക്ഷ വിധിച്ചത്.

സിനിമ തീയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍ പറഞ്ഞതായി ആരോപിച്ചായിരുന്നു പ്രതിഷേധം.