സ്വവര്‍ഗാനുരാഗത്തിനു വേണ്ടി പള്ളിയില്‍ നിന്നും ഒരു ലക്ഷം ഡോളര്‍ മോഷ്ട്ടിച്ച പുരോഹിതന്‍ അറസ്റ്റില്‍
സ്വവര്‍ഗാനുരാഗ ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള പണത്തിനു പള്ളിയില്‍ നിന്നും മോഷണം നടത്തിയ പുരോഹിതന്‍ പിടിയില്‍. അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. പെനിസില്‍വാനിയ ഡവിംഗ്ടൗണ്‍ സെന്റ് ജോസഫ് കത്തോലിക്ക ചര്‍ച്ചിലെ പുരോഹിതന്‍ ജോസഫ് മക്ലൂണാണ് പിടിയിലായത്. 56കാരനായ മക്ലൂണ്‍ ആറു വര്‍ഷങ്ങള്‍ കൊണ്ടാണ് പണം മോഷ്ടിച്ചത്. സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ഡേറ്റിംഗ് ആപ്പിനു പണമടയ്ക്കാന്‍ വേണ്ടിയാണു ഇയാള്‍ പള്ളി സംഭാവനകളില്‍ നിന്ന് മോഷണം പതിവാക്കിയത്.
2011ല്‍ പുരോഹിതന്‍ രഹസ്യമായി ഒരു ബാങ്ക് അക്കൗണ്ട് എടുക്കുകയും തുടര്‍ന്ന് കുറേശേയായി പണം മോഷ്ടിച്ച് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. സെന്റ് ജോസഫ് ആക്റ്റിവിറ്റി അക്കൗണ്ട് എന്ന പേരിലാണ് മക്ലൂണ്‍ ആരംഭിച്ചത്. ആറു വര്‍ഷങ്ങള്‍ കൊണ്ട് 98,405 ഡോളറാണ് പുരോഹിതന്‍ മോഷ്ടിച്ചത്.
മോഷ്ടിച്ച പണത്തില്‍ നിന്നും 46000 ഡോളര്‍ ന്യൂ ജഴ്‌സിയിലെ ഓഷ്യന്‍ സിറ്റിയില്‍ നിന്നും മക്ലൂണ്‍ പിന്‍വലിച്ചിരുന്നു. അവിടെ ഇയാള്‍ ഒരു ബീച്ച് ഹൗസ് വാങ്ങിയിട്ടുണ്ട്. ഇത് മോഷ്ടിച്ച പണത്തില്‍ നിന്നാണോ എന്ന അന്വേഷണം നടക്കുകയാണ്. കുറച്ചു പണം പുരുഷന്മാരുമായുള്ള ലൈംഗിക ബന്ധത്തിനായി ചെലവഴിച്ചുവെന്ന് മക്ലൂണ്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ ആവശ്യത്തിനായി ന്യൂയോര്‍ക്കിലെ ഒരു ജയില്‍പുള്ളിയുടെ അക്കൗണ്ടിലേക്ക് 1200 ഡോളര്‍ നിക്ഷേപിച്ചു എന്നും മക്ലൂണ്‍ വെളിപ്പെടുത്തി.
അന്വേഷണത്തില്‍ ജയില്‍പുള്ളിയുടെ പേര് ബ്രയാന്‍ മില്ലര്‍ എന്നാണെന്നും മക്ലൂണിന്റെ പള്ളിയുമായി ഇയാള്‍ക്ക് ബന്ധമൊന്നും ഇല്ലെന്നും മനസ്സിലായി. തുടര്‍ന്നാണ് ലൈംഗിക ബന്ധത്തിനായി ഗ്രിന്‍ഡര്‍ ആപ്പിലൂടെ പരിചയപ്പെട്ട ആളാണ് മില്ലര്‍ എന്ന് മക്ലൂണ്‍ വെളിപ്പെടുത്തിയത്. ഗ്രിന്‍ഡറിലൂടെ 17 ആള്‍ക്കാരുമായുള്ള ലൈംഗിക ബന്ധത്തിനായി ആകെ 1720 ഡോളറാണ് മക്ലൂണ്‍ ചെലവഴിച്ചത്.