തുഷാറിനു എതിരെ ആരും ഒന്നും പറയാത്തത് ഭയം മൂലം ; ജീവന് ആപത്തു ഉണ്ട് എന്ന് നാസില്‍ അബ്ദുള്ള
തുഷാര്‍ വെള്ളാപ്പള്ളി വേറെയും പലര്‍ക്കും പണം കൊടുക്കാനുണ്ടെന്ന് വണ്ടിച്ചെക്ക് കേസിലെ പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. ഭയം മൂലമാണ് പലരും പരാതി കൊടുക്കാത്തതെന്നും നാസില്‍ പറഞ്ഞു. തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. മുഖം വെളിപ്പെടുത്താന്‍ പേടിയുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പക്ഷേ, മുഴുവന്‍ പണം കിട്ടാതെ കേസില്‍ നിന്ന് പിന്‍മാറില്ലെന്നും നാസില്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസുമായി ബന്ധപ്പെട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയെ വിളിച്ചതാണ്. പക്ഷേ, ഘടകകക്ഷി നേതാവാണെന്നും ഒന്നും ചെയ്യാനാവില്ലെന്നും പ്രശ്‌നത്തില്‍ ഇടപെടില്ലെന്നുമായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞതെന്നും നാസില്‍ അബ്ദുള്ള വെളിപ്പെടുത്തി. പത്ത് വര്‍ഷം മുമ്പത്തെ ചെക്ക് വാലിഡല്ലെങ്കില്‍ അത് ബാങ്കില്‍ റിട്ടേണാകില്ല. അതിന് റിട്ടേണ്‍ മെമ്മോയും കിട്ടില്ല. ഒരു കാര്യം ശരിയാണ്.
പത്ത് വര്‍ഷം മുന്നത്തെ ചെക്കിന്റെ ഫോര്‍മാറ്റ് ഇപ്പോഴുള്ള പോലത്തെ ചെക്കാകില്ലല്ലോ. പക്ഷേ, ചെക്ക് വാലിഡ് തന്നെയാണ്. ചെക്കിന്റെ തീയതിയാണല്ലോ നോക്കുക. അത് ബ്ലാങ്ക് ചെക്കായിരുന്നു, സെക്യൂരിറ്റി ചെക്ക്. അത് ഞാന്‍ നേരത്തേ പറഞ്ഞതാണല്ലോ. മറ്റൊന്ന് ഇതിലെ ഒപ്പ്. അതില്‍ ആശങ്കയുണ്ടെങ്കില്‍ അദ്ദേഹം കോടതിയില്‍ ബോധിപ്പിക്കട്ടെ, അത് ഫോറന്‍സികിലേക്ക് വിടും. അത് അദ്ദേഹത്തിന്റെ ഒപ്പ് തന്നെയാണ്. വ്യാജ ഒപ്പാണെന്ന ആരോപണം നിഷേധിക്കുകയാണ്.
പത്ത് വര്‍ഷമായി അദ്ദേഹം എനിക്ക് തരാനുള്ള തുകയുണ്ട്. അത് കൃത്യമായ സമയത്ത് തിരികെ തരാത്തത് മൂലം എനിക്ക് സംഭവിച്ചത് വലിയ നഷ്ടങ്ങളാണ്. അതിന്റെ നഷ്ടപരിഹാരം കൂടി ചേര്‍ത്താണ് ഈ തുക പറഞ്ഞിരിക്കുന്നത്. തുഷാര്‍ തരാനുള്ള പണം കിട്ടാത്തതിന്റെ പേരില്‍ മറ്റ് പലര്‍ക്കും ഞാന്‍ കൊടുക്കാനുള്ള പണം ബൗണ്‍സായി. അങ്ങനെ അത് കേസായി. അവരെല്ലാവരും കൂടി കേസ് കൊടുത്ത് ഞാന്‍ അകത്ത് പോയി. അതിന്റെ പേരിലാണ് ഞാന്‍ ആറ് മാസം ജയിലില്‍ കിടന്നത്. രണ്ട് വര്‍ഷത്തോളം കേസുമായി പോകേണ്ടി വന്നു.
ഒരു തവണ ഒത്തുതീര്‍പ്പിന് തയ്യാറായി. ആകെ തുകയുടെ പത്ത് ശതമാനം തന്ന് സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞു. നിവൃത്തികേടായിരുന്നു. കിട്ടുന്നത് കിട്ടട്ടെ എന്ന് വിചാരിച്ച് പത്ത് ശതമാനത്തിന് സമ്മതിച്ചു. അതില്‍ അഞ്ച് ശതമാനം പണവും അഞ്ച് ശതമാനം ചെക്കും തന്നു. അത് അദ്ദേഹത്തിന്റെ ചെക്കല്ല. അവര്‍ക്ക് കിട്ടാനുള്ള ചെക്കാണെന്ന് പറഞ്ഞാണ് തന്നത്. ആ ചെക്ക് ഡിസ് ഹോണറായി. ആകെ കിട്ടിയത് അഞ്ച് ശതമാനമാണ് എന്നും നാസില്‍ പറയുന്നു.