രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ , പണലഭ്യതയില്‍ മാന്ദ്യം ; കുറ്റസമ്മതം നടത്തി നീതി ആയോഗ്

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന വെളിപ്പെടുത്തലുമായി നീതി ആയോഗ്. 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ചരിത്രത്തില്‍ ആദ്യമായി പണലഭ്യതയില്‍ മാന്ദ്യം നേരിടുന്നുവെന്നും നീതി ആയോഗ് വ്യക്തമാക്കി.

സ്വാതന്ത്രത്തിനു ശേഷം ഇന്നോളമുണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. സാമ്പത്തികമേഖലയാകെ മുരടിപ്പിലാണെന്നും, പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ട് നിരോധനവും ജിഎസ്ടിയും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചു. നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോള്‍ ഇതിലും വളരെ താഴെയാണ്. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം സങ്കീര്‍ണമായ സാഹചര്യമാണുണ്ടാക്കിയത്.

സാമ്പത്തിക മേഖലയില്‍ പണലഭ്യതയുടെ പ്രശ്‌നമുണ്ട്. സമ്പദ്വ്യവസ്ഥയിലെ സ്വകാര്യ നിക്ഷേപം ദുര്‍ബലമാണ്. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ് കുമാര്‍ പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടിവന്നേക്കാം.

സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള അവിശ്വാസത്തിന്റെ പ്രശ്‌നമല്ലിത്. ആരും ആര്‍ക്കും വായ്പ നല്‍കാന്‍ തയാറാകുന്നില്ല. എല്ലാവരും പണത്തിനുമേല്‍ അടയിരിക്കുകയാണ്. അതിനാല്‍ സമ്പദ്വ്യവസ്ഥ മുന്നോട്ട് ചലിക്കുന്നില്ലെന്നും രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ അനിയന്ത്രിതമായ പണ വിതരണവും വായ്പ നല്‍കലുമാണ് ഇതിന് കാരണമെന്ന് രാജീവ് കുമാര്‍ ആരോപിച്ചു.

നോട്ട് നിരോധനവും ജി എസ് ടിയും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചെന്നും രാജീവ് കുമാര്‍ പറഞ്ഞു. നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോള്‍ ഇതിലും വളരെ താഴെയാണ്. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം സങ്കീര്‍ണമായ സാഹചര്യമാണുണ്ടാക്കിയത്. ഇതിനൊന്നും എളുപ്പത്തില്‍ ഉത്തരമില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു.