ആലപ്പുഴയില്‍ അപകടത്തില്‍പെട്ട വാഹനത്തിന്റെ സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം

അപകട വേളകളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണു കാറുകളില്‍ സീറ്റ് ബെല്‍റ്റ് നിരബന്ധമാക്കിയത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് അത്രയ്ക്ക് ഗുണകരമല്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിന്റെ പിന്‍സീറ്റിലിരുന്ന ഏഴു വയസുകാരന്‍ ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് കുടുങ്ങി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കിഴക്കേതലയ്ക്കല്‍ തോമസ് ജോര്‍ജിന്റെയും മറിയത്തിന്റെയും മകന്‍ ജോഹനാണ് ദാരുണമായി മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്കു സമീപം പുലര്‍ച്ചെ 3.30നായിരുന്നു അപകടം.

ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലെ ഭാര്യയുടെ വീട്ടിലേക്ക് കാറില്‍ വരികയായിരുന്നു തോമസ് ജോര്‍ജും കുടുംബംവും. തോമസ് ജോര്‍ജ് ആണ് കാര്‍ ഓടിച്ചിരുന്നത്. മാര്‍ത്താണ്ഡത്ത് നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും മറ്റുയാത്രികരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകട്ടില്‍പ്പെട്ടവരെ പുറത്തെടുത്തത്. ജോഹന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. കുട്ടിയുടെ വയറ്റില്‍ സീറ്റ് ബെല്‍റ്റ് മുറുകിയ നിലയിലായിരുന്നു. ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകിയ പാടുകള്‍ പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറ്റിലുമായി മുറുകിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സീറ്റ് ബെല്‍റ്റ് മുറുകിയതിന്റെ പാടുകള്‍ കൂടാതെ മറ്റു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പരിക്കേറ്റ തോമസ് ജോര്‍ജ്(36), ഭാര്യ മറിയം(32), ഇളയ മകള്‍ ദിയ(4) എന്നിവര്‍ ചികിത്സയിലാണ്.

കാറിന്റെ മുന്നിലെ എയര്‍ ബാഗുകള്‍ പുറത്തുവന്നതിനാലാണ് തോമസ് ജോര്‍ജും മറിയവും രക്ഷപ്പെട്ടത്. തോമസ് ജോര്‍ജിന്റെ കാലിനും മറിയത്തിന്റെ തലയിലും കൈയ്ക്കും പരുക്കുണ്ട്. ദിയയുടേതു നിസാര പരുക്കാണ്. ഡ്രൈവര്‍ സീറ്റിന്റെ പിന്നിലായിരുന്നു ജോഹന്‍. ഈ ഭാഗത്തെ എയര്‍ ബാഗ് പുറത്തുവന്നില്ലെന്നാണ് നിഗനമം. ഇടിയെത്തുടര്‍ന്നുണ്ടായ ആഘാതം ഈ ഭാഗത്തെ സെന്‍സറില്‍ അനുഭവപ്പെടാത്തതിനാലാണ് ഈ എയര്‍ ബാഗ് തുറക്കാതിരുന്നതെന്നാണ് കരുതുന്നത്.