അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വെള്ളി ആഴ്ചയോടെ ആരോഗ്യനില കൂടുതല്‍ ഗുരുതരമാവുകയായിരുന്നു.

ഇക്കഴിഞ്ഞ ആഗസറ്റ് ഒന്‍പതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്‌ലിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്‌സഭാ സ്പീക്കറും ഈ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ എയിംസില്‍ എത്തിയിരുന്നു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ഒരാളാണ് അരുണ്‍ ജെയ്റ്റ്ലി, രാജ്യസഭയിലെ പ്രതിപക്ഷനേതാവ് കൂടിയായിരുന്നു. 1998- 2004 കാലയളവില്‍ വാജ്പെയി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. 2014 മേയില്‍ മോദി സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരിക്കെയാണ് രാജ്യത്ത് നോട്ട് നിരോധനം നിലവില്‍ വന്നത്.

വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2018 ഏപ്രില്‍ മുതല്‍ നാലുമാസം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന അരുണ്‍ ജെയ്റ്റ്ലി വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക വിധേയനായിരുന്നു.

1952 ഡിസംബര്‍ 28ന് ഡല്‍ഹിയിലാണ് അരുണ്‍ മഹാരാജ് കിഷന്‍ ജെയ്റ്റ്ലി എന്ന അരുണ്‍ ജെയ്റ്റ്ലിയുടെ ജനനം. ഡല്‍ഹി സെന്റ് സേവ്യേഴ്സ് സ്‌കൂല്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍നിന്ന് കൊമേഴ്സില്‍ ഓണേഴ്സ് ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബി.യും പൂര്‍ത്തിയാക്കി.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍
തടവിലായിരുന്നു. 1973ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ബി.ജെ.പി. പ്രസ്ഥാനത്തില്‍ നേതാവായിരുന്നു. 18 വര്‍ഷത്തോളം രാജ്യസഭയില്‍ ഗുജറാത്തിനെ പ്രതിനിധീകരിച്ചു
2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ മത്സരിച്ചെങ്കിലും നവജ്യോത് സിങ് സിദ്ദുവിനോട് പരാജയപ്പെട്ടു. എന്നാല്‍ രാജ്യസഭാംഗമായ അദ്ദേഹത്തെ ആദ്യ മോദി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തി.

അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989ല്‍ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതി. 

സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാക്കുന്നത്. ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റിലിയുടേത്.

ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു. ജമ്മു കശ്മീരിലെ മുന്‍ ധനമന്ത്രി ഗിര്‍ദാരി ലാല്‍ ദോഗ്രയുടെ മകള്‍ സംഗീത ജെയ്റ്റ്ലിയാണ് ഭാര്യ. സൊനാലി ജെയ്റ്റ്ലി, റോഹന്‍ ജെയ്റ്റ്ലി എന്നിവര്‍ മക്കളാണ്.