22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച് ഗോകുലം കേരള എഫ്സി
നീണ്ട 22 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഡ്യൂറന്റ് കപ്പ് വീണ്ടും കേരളത്തിലേക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി കിരീടം സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ മാര്‍കസ് ജോസഫിന്റെ ഇരട്ട പ്രഹരമാണ് ഗോകുലത്തെ കിരീടത്തിലേക്ക് നയിച്ചത്. സല്‍വ കമോറോയാണ് ബഗാന്റെ ഏകഗോള്‍ നേടിയത്. 1997ല്‍ എഫ്സി കൊച്ചിന്‍ ഡ്യൂറന്റ് കപ്പ് നേടിയ ശേഷം ആദ്യമായിട്ടാണ് കേളത്തില്‍ നിന്നൊരു ക്ലബ് ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്നത്. അന്നും ബഗാനെയാണ് കേരളത്തില്‍ നിന്നുള്ള ടീം തോല്‍പ്പിച്ചത്.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ലീഡ് നല്‍കി. ഗോകുലത്തിന്റെ ഹെന്റി കിസേക്കയെ ബഗാന്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാര്‍ ഫൗള്‍ ചെയ്തപ്പോള്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.
പിന്നാലെ ആദ്യ പകുതിക്ക് അവസാനമായി. രണ്ടാം പകുതി ഏഴ് മിനിറ്റുകള്‍ക്കകം ഗോകുലം ലീഡുയര്‍ത്തി. 52ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ജോസഫിന്റെ 11ാം ഗോളായിരുന്നിത്. ഇതില്‍ രണ്ട് ഹാട്രിക്കും ഉണ്ടായിരുന്നു.