ജമ്മു കശ്മീരില്‍ സ്ഥിതിഗതി സാധാരണ നിലയിലല്ല എന്ന് രാഹുല്‍ ഗാന്ധി
എല്ലാം ശാന്തമാണ് എന്ന് കേന്ദ്രം പല ആവര്‍ത്തി പറയുന്നുണ്ട് എങ്കിലും ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തെ ഇവിടെ നിന്നും തിരിച്ചയച്ചിരുന്നു. തിരികെ ദില്ലിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ എന്നെ ഗവര്‍ണര്‍ ക്ഷണിച്ചു. ഞാനാ ക്ഷണം സ്വീകരിച്ചു. എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണമായിരുന്നു. പക്ഷെ വിമാനത്താവളത്തിന് പുറത്തേക്ക് ഞങ്ങളെ കടത്തിവിട്ടില്ല. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സ്വാഭാവികമല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭയപ്പെടുത്തുന്നതാണ് ജമ്മു കശ്മീരിലെ സാഹചര്യമെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ‘ഞങ്ങളുടെ വിമാനത്തിലുണ്ടായിരുന്ന കശ്മീരിലേക്കുള്ള യാത്രക്കാര്‍ ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ കല്ലുപോലെയുള്ള കണ്ണീരാണ് വരിക,’ ആസാദ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ഡപ്യൂട്ടി ലീഡര്‍ ആനന്ദ് ശര്‍മ്മ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെയുടെ രാജ്യസഭയിലെ നേതാവ് തിരുച്ചി ശിവ, എല്‍ജെഡി അദ്ധ്യക്ഷന്‍ ശരത് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ജമ്മു കാശ്മീരില്‍ ജനജീവിതം സാധാരണയായ നിലയിലാണ് എന്നാണ് സര്‍ക്കാര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്.