നരേന്ദ്രമോദിക്ക് യുഎഇ പരമോന്നത ബഹുമതി

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ ബഹുമതി. അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ യുഎഇ ഉപസര്‍വ സൈന്യാധിപന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മോദിക്ക് ‘ഓര്‍ഡര്‍ ഓഫ് സായിദ്’ കൈമാറി. ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

കൂടാതെ, യുഎഇ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ നല്‍കി ആദരിക്കുന്ന 16ാമത്തെ രാഷ്ടനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിന് മുന്‍പ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎഇയിലെ ഇന്ത്യന്‍ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ഗാന്ധിജിയുടെ 150ാം ജന്‍മവാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും കൊട്ടാരത്തില്‍ നടന്നു. നേരത്തേ ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയായ റൂപേയുടെ കാര്‍ഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

പ്രവാസി വ്യവസായികള്‍ ജമ്മു കശ്മീരില്‍ നിക്ഷേപത്തിന് തയാറാകണമെന്നും, കശ്മീരികള്‍ക്ക് തൊഴിലവസരം ഒരുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചു.

ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. പരമോന്നത ബഹുമതിയിലൂടെ ഇന്ത്യ-യു.എ.ഇ ബന്ധത്തില്‍ പുതിയ അധ്യായം കൂടി എഴുതിചേര്‍ത്താണ് പ്രധാനമന്ത്രി ബഹ്റൈനിലേക്ക് യാത്ര തിരിച്ചത്.