വ്യത്യസ്തമായ ഒരു എട്ടിന്റെ പണി ; സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി കല്യാണ കാര്‍ഡടിച്ച് നാടാകെ വിളിച്ച് ഒരാള്‍ ; കണ്ണുതള്ളി കല്യാണ വീട്ടുകാര്‍
തൃശൂരിലെ ചേര്‍പ്പിലാണ് കേട്ട് കേള്‍വി ഇല്ലാത്ത തരത്തില്‍ കല്യാണ വീട്ടുകാര്‍ക്ക് എട്ടിന്റെ പണി കിട്ടിയത്. തങ്ങള്‍ പോലും അറിയാതെ തങ്ങളുടെ കല്യാണം നാട് മുഴുവന്‍ വിളിച്ചിരിക്കുകയാണ് എന്ന അറിഞ്ഞപ്പോള്‍ ആണ് കല്യാണ വീട്ടുകാര്‍ ഞെട്ടിയത്. അതും വീട്ടുകാര്‍ അച്ചടിച്ചതിനേക്കാള്‍ പണം മുടക്കി അടിപൊളിയായ കല്യാണകാര്‍ഡും തയ്യാറാക്കി.
ഈ മാസം 25 (നാളെ)നാണ് കല്യാണം. നൂറുകണക്കിനു ക്ഷണക്കത്തുകള്‍ സ്വന്തം കയ്യില്‍ നിന്നു കാശു മുടക്കി പ്രിന്റ് ചെയ്ത അജ്ഞാതന്‍ നാടാകെ അയച്ച് ആഘോഷമായി കല്യാണം വിളി നടത്തി. വരന്റെ വീട്ടുകാര്‍ ലളിതമായി വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു പേരെ മാത്രമേ വിളിക്കാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.
എന്നാല്‍ കല്യാണം വിളി തുടങ്ങിയ സമയമാണ് ഇവര്‍ക്ക് മുന്നേ ആരോ അവരെയൊക്കെ കല്യാണം വിളിച്ചു എന്ന് വീട്ടുകാര്‍ അറിയുന്നത്. എല്ലാവരും തങ്ങള്‍ക്ക് തപാലില്‍ ക്ഷണക്കത്ത് കിട്ടി എന്നറിയിച്ചതോടെ വീട്ടുകാര്‍ക്ക് അമ്പരപ്പായി. പിന്നീട്, കല്യാണം വിളിക്കാത്തവരും ഫോണിലൂടെ വിളിച്ച് വിവാഹത്തിനെത്താമെന്നറിയിച്ചതോടെ കല്യാണ വീട്ടുകാര്‍ അപകടം മണത്തു. പിന്നെ നടത്തിയ അന്വേഷണത്തിലാണ് അജ്ഞാതനായ ആരോ സ്വന്തം കാശ് മുടക്കി കല്യാണ കാര്‍ഡ് തയ്യറാക്കി കല്യാണം വിളി നേരത്തെ നടത്തിക്കഴിഞ്ഞു എന്ന് വീട്ടുകാര്‍ക്ക് മനസിലായത്.
വളരെ കുറച്ചു പേരെ മാത്രം വിളിച്ച കല്യാണ വീട്ടുകാര്‍ ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ അങ്കലാപ്പിലാണ്. എത്ര പേര്‍ വരുമെന്നോ എത്ര പേര്‍ക്ക് സദ്യ ഒരുക്കേണ്ടി വരുമെന്നോ അവര്‍ക്ക് യാതൊരു ഊഹവുമില്ല.
അജ്ഞാതന്‍ ക്ഷണിച്ചവരോട് തങ്ങളല്ല ഇതിനു പിന്നിലെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ് വീട്ടുകാര്‍. അത്ര പെര്‍ഫക്ടായ വിവാഹ ക്ഷണക്കത്താണ് ഇയാള്‍ നാട്ടുകാര്‍ക്ക് അയച്ചത്. വരന്റെയും വധുവിന്റെയും പേരു വിവരങ്ങളും കല്യാണ സ്ഥലവും തിയതിയും സമയവും ഉള്‍പ്പെടെ ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ കിടിലന്‍ കാര്‍ഡ്.
ഒപ്പം ഇത്രത്തോളം ആളുകളുടെ വിലാസം ഇയാള്‍ തപ്പിയെടുത്തു എന്നതും വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. വരനെയോ വധുവിനെയോ നല്ലപോലെ പരിചയമുള്ള ആരോ ആവാം ഇതിനു പിന്നിലെന്നാണ് വീട്ടുകാരുടെ കണക്കുകൂട്ടല്‍.