ആദ്യ ലോക ബാഡ്മിന്റണ്‍ കിരീടം നേടി സിന്ധു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പ്പിച്ചത്. നൊസോമി ഒകുഹാരയോട് മധുര പ്രതികാരം കൂടിയാണ് സിന്ധുവിന് ഈ കന്നി കിരീടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ കിരീടമാണിത്.

മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായാണ് തോല്‍പിച്ചത്. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്റെ കണക്കുതീര്‍ക്കുകയായിരുന്നു സിന്ധു.

ആദ്യ രണ്ട് ഗെയിമുകളും കയ്യടക്കി ആധികാരിക ജയത്തോടെയാണ് സിന്ധു ബേസലില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയത്. സ്‌കോര്‍: 21-7, 21-7.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 2017ലും 18ലും വെള്ളി നേടിയ സിന്ധു 2103, 14 വര്‍ഷങ്ങളില്‍ വെങ്കലമെഡലുകള്‍ നേടിയിരുന്നു. ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മെഡലുകള്‍ സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. തന്റെ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ നേടിയ വിജയം അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് മത്സരത്തിന് ശേഷം പി.വി സിന്ധു പറഞ്ഞു. കോച്ച് പുല്ലേല ഗോപീചന്ദ് അടക്കമുള്ളവര്‍ക്ക് നന്ദി പറയുന്നതായും കിരീടനേട്ടത്തിന് ശേഷം സിന്ധു പ്രതികരിച്ചു.

തുടര്‍ച്ചയായി രണ്ട് ഫൈനലുകളിലും കിരീടം കൈവിട്ട സിന്ധു ഇക്കുറി മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് പുതിയ ചരിത്രമെഴുതിയത്. ലോക റാങ്കിംഗില്‍ തന്നെക്കാള്‍ ഒരു പടി മുന്നിലുള്ള നൊസോമി ഒകുഹാരയെ 38 മിനുട്ടുകള്‍ക്കാണ് സിന്ധു മുട്ടുകുത്തിച്ചത്. ആദ്യ ഗെയിം 16 മിനുട്ടുകള്‍ക്കുള്ളില്‍ സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിമിലും എതിരാളിയെ മുന്നേറാന്‍ അനുവദിക്കാതെ മൂന്നാം ഫൈനലില്‍ കന്നിക്കിരീടം ഉറപ്പിക്കുകയായിരുന്നു.