തീവ്രവാദ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

കൊടുങ്ങല്ലൂര്‍ : തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെയാണ് വിട്ടയച്ചത്. പൊലീസും എന്‍ഐഎയും തമിഴ്നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും 24 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്നാണ് അബ്ദുല്‍ ഖാദര്‍ റഹീമിനെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കാന്‍ തീരുമാനിച്ചത്. അതേസമയം, ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുള്‍ ഖാദര്‍ റഹീമിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് അഖ്ദുള്‍ ഖാദര്‍ റഹീം അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചിരുന്നു. ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ എന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം ആവര്‍ത്തിച്ചു. ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്‌റൈന്‍ പൊലീസ് ചോദ്യം ചെയ്തിരുന്നതായും ഇയാള്‍ പൊലീസിനെ അറിയിച്ചു.

ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടിലേക്ക് പത്ത് തീവ്രവാദികള്‍ എത്തിയെന്നും ഇവര്‍ക്ക് അബ്ദുല്‍ ഖാദര്‍ റഹീം സഹായം ചെയ്തു കൊടുത്തുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം മുമ്പ് ബഹറിനില്‍ നിന്നും കൊച്ചിയിലെത്തിയ അബ്ദുല്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് . എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകാന്‍ എത്തിയ അബ്ദുല്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

റഹീമിനൊപ്പം കസ്റ്റഡിയിലെടുത്ത യുവതിയെയും വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. ബഹ്റൈനില്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തിയതിലുള്ള പകയാണ് തന്നെ കേസില്‍ കുടുക്കാന്‍ കാരണമെന്നാണ് റഹീം പറയുന്നത്. കൊച്ചി സിറ്റി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

ശ്രീലങ്കയില്‍ നിന്ന് ലഷ്‌കര്‍-ഇ- ത്വയ്ബ ബന്ധമുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗം തമിഴ്നാട്ടിലേക്ക് കടന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്ന് സ്ത്രീ ഉള്‍പ്പടെ ആറ് പേരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ശ്രീലങ്കയുമായി ഏറ്റവും അടുത്ത സ്ഥലമായതിനാല്‍ മുത്തുപ്പേട്ട കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ കസ്റ്റഡിയിലുള്ള അബ്ദുല്‍ ഖാദര്‍ റഹീമുമായി ആശയവിനിമയം നടത്തിയെന്ന സംശയത്തിലാണ് ചെന്നൈ സ്വദേശി സിദ്ധിഖ്, പൊന്‍വിഴ നഗര്‍ സ്വദേശി സഹീര്‍ എന്നിവരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.