പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം ; ബജ്‌റംഗ്ദള്‍ നേതാവും കൂട്ടാളികളും അറസ്റ്റില്‍
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും ഭീകര സംഘടനകള്‍ക്ക് ആയുധവും പണവുമുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്ത മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് ഉള്‍പ്പെടെയുള്ള അഞ്ചു അഞ്ചു പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ രാജ്യരഹസ്യങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2017ല്‍ സമാനമായ കേസിന് അറസ്റ്റിലായ ബജ്‌റംഗ്ദള്‍ നേതാവ് ബല്‍റാം സിംഗാണ് വീണ്ടും ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ പിടിയിലായത്. സംഘത്തിലെ അംഗങ്ങളായ സുനില്‍ സിംഗ്, ശുഭം മിശ്ര എന്നിവരെയും മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
പാകിസ്താനിലെ തീവ്രവാദ ബന്ധമുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട് ഇയാള്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചിരുന്നു. പാകിസ്താന്‍ സ്വദേശികളുമായി ഇവര്‍ വാട്‌സാപ്പ് കോളിലൂടെയും മെസേജിലൂടെയുമായിരുന്നു ബന്ധപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സത്‌ന പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ പണമിടപാട് നടത്തിയ ബാങ്കിങ് വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഭീകരപ്രവര്‍ത്തനത്തിനായുള്ള ഫണ്ടാണ് പാകിസ്താനില്‍ നിന്ന് ഇവര്‍ക്ക് കൈമാറിയതെന്ന് മനസ്സിലായതായി സത്‌ന പോലീസ് സൂപ്രണ്ട് റിയാസ് ഇഖ്ബാല്‍ പറഞ്ഞു. ഈ സംഘം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തിയില്‍ ഏര്‍പെട്ടു വരികയായിരുന്നുവെന്നും ചിത്രകൂട്, ദേവാസ്, ബര്‍വാനി, മണ്ഡ്‌സോര്‍ എന്നിവിടങ്ങളില്‍ ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടിട്ടുണ്ടെന്നും എസ് പി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 123 പ്രകാരം രാജ്യത്തിനെതിരെ യുദ്ധാസൂത്രണം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഐഎസ്‌ഐക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 2017 ഫെബ്രുവരിയില്‍ ബിജെപി ഐടി സെല്‍ മേധാവി ധ്രുവ് സക്സേന പിടിയിലായിരുന്നു. ഇയാള്‍ക്കൊപ്പം അന്ന് പിടിയിലായ ആളാണ് ബല്‍റാം സിംഗ്. അന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബല്‍റാം പിന്നീട് നേരിട്ട് ചാരപ്രവര്‍ത്തനത്തിന് നേരിട്ട് ഇറങ്ങിയില്ലെങ്കിലും പുതിയ യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു.
പത്താന്‍കോട്ടിലെയും ഉറിയിലെയും സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയ വിവരങ്ങളും സഹായകരമായിട്ടുണ്ടാവും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അതേ സമയം, പിടിയിലായവര്‍ക്കെതിരെ യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്താതിരുന്ന പൊലീസ് നടപടിക്കെതിരെ മജ്ലിസേ ഇത്തിഹാദുല്‍ മുസലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തുവന്നു. യുഎപിഎ നിയമം ഏതെങ്കിലും പ്രത്യേക സമുദായത്തിന് മാത്രം സംവരണം ചെയ്യപ്പെട്ടതാണോയെന്ന് ഉവൈസി ചോദിക്കുന്നു.