മന്‍മോഹന്‍ സിംഗിന് ഉണ്ടായിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചു

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനു നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. കാബിനറ്റ് സെക്രട്ടറിയേറ്റിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം അദ്ദേഹത്തിനുള്ള സെഡ് പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് നിലവില്‍ എസ്പിജി സുരക്ഷ ഉള്ളത്. നേരത്തെ മുന്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവ ഗൗഡയുടെ എസ്പിജി സുരക്ഷയും പിന്‍വലിച്ചിരുന്നു.

എംപിമാരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആലോചിച്ചു വരികയായിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തോടെ 1300 ല്‍ അധികം കമാന്‍ഡോകളെ ഈ ചുമതലയില്‍ നിന്ന് ഒഴിവാക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.
ഭീഷണികളുടെ അടിസ്ഥാനത്തിലാണ് മുന്‍പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എസ്പിജി സുരക്ഷ നല്‍കുന്നത്.