മോദി സ്തുതി ; തരൂരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

മോദിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍ എംപി. മോദി സ്തുതി ബിജെപിയില്‍ മതിയെന്നും നേതാക്കള്‍ പാര്‍ട്ടി നയം അനുസരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. തരൂരിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മോദി അനുകൂല പ്രസ്താവന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്ന് മുരളിധരന്‍ പറഞ്ഞു .

 

ഒരു കാരണവശാലും മോദിയെ സ്തുതിക്കാനോ തെറ്റുകള്‍ മൂടിവെക്കാനോ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോയി സ്തുതിക്കാം. കോണ്‍ഗ്രസിന്റെ ചെലവില്‍ അതുവേണ്ടെന്നും മുരളീധരന്‍. പ്രധാനമന്ത്രി ജനാധിപത്യത്തെ കശാപ്പ് ചെയ്യുമ്പോള്‍ ഏതാണ് നല്ല പ്രവൃത്തിയെന്ന് പുകഴ്ത്തുന്നവര്‍ പറയണമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ 20 എംപിമാരും മോദി വിരുദ്ധ പ്രസ്താവന നടത്താന്‍ ബാധ്യതയുള്ളവരാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് തോറ്റ ആലപ്പുഴയില്‍ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും മോദിയെ വിമര്‍ശിച്ചതുകൊണ്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ആരുടേയും കുടുംബ സ്വത്തല്ല. പാര്‍ട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവര്‍ക്ക് പുറത്ത് പോകാം .താന്‍ കുറച്ച് കാലം പാര്‍ട്ടിക്ക് പുറത്ത് പോയി തിരിച്ച് വന്നയാളാണ്. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ. ഈ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ 6 സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഉണ്ടായിട്ടും പാലയില്‍ മാത്രം തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇത് മറ്റ് മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതിനാല്‍ എല്ലാ മണ്ഡലങ്ങളിലും സെപ്തംബര്‍ 23 ന് തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.