കശ്മീര്‍ ; നിലപാട് മയപ്പെടുത്തി ട്രംപ് , ഏതറ്റംവരെയും പോകുമെന്ന് ഇമ്രാന്‍ ഖാന്‍
ഇന്ത്യയും പാക്കിസ്ഥാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ള രണ്ട് രാജ്യങ്ങളാണെന്നും കശ്മീര്‍ വിഷയം ഉഭയകക്ഷി വിഷയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്‍പ് വ്യക്തമാക്കിയിരുന്നു. അതിനുള്ള മറുപടി യാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും പാക്കിസ്ഥാനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. അതേസമയം കശ്മീര്‍ വിഷയത്തില്‍ ഏതറ്റംവരെയും പോകുമെന്ന് പക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിനായി അവസാനം വരെ പോരാടും. ആണവ ശക്തിയായ പാകിസ്ഥാന്‍ കശ്മീരിനായി ഏതറ്റം വരെയും പോകും. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നതായും ഇമ്രാന്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍.
ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് കടുക്കുകയാണെങ്കില്‍ ഓര്‍ക്കണം, രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധമുണ്ട്. ആണവയുദ്ധത്തില്‍ ആരും വിജയികളാവില്ലെന്നും ഓര്‍ക്കണം. ലോകശക്തികള്‍ക്ക് അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. പക്ഷെ അവര്‍ പാകിസ്ഥാനെ പിന്തുണച്ചില്ലെങ്കിലും കശ്മീരിനായി ഏതറ്റം വരെയും പാകിസ്ഥാന്‍ പോകുമെന്നും ഇമ്രാന്‍ പറഞ്ഞു.
അതിനിടെ കശ്മീര്‍ വിഷയം ഇന്ത്യയ്ക്ക് കൈകാര്യം ചെയ്യാവുന്നതേ ഉള്ളുവെന്ന് മോദി അറിയിച്ചെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച ചെയ്ത് വിഷയത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, കശ്മീര്‍ വിഷയത്തെക്കുറിച്ച് കഴിഞ്ഞ രാത്രിയില്‍ മോദിയുമായി താന്‍ സംസാരിച്ചെന്നും കാര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി.