ഡോളറിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ചൈനീസ് കറന്‍സി യുവാന്‍ വീണു

അമേരിക്കന്‍ ഡോളറിന്റെ മുന്നില്‍ ചൈനീസ് കറന്‍സിയായ യുവാന് വീഴ്ച്ച. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുകയാണ് ചൈനീസ് കറന്‍സിയായ യുവാന്‍. ആഗോള തലത്തില്‍ ഉയരുന്ന സാമ്പത്തിക മാന്ദ്യ സൂചനകളും അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധവുമാണ് പ്രധാനമായും ചൈനീസ് കറന്‍സിക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

നിലവില്‍ ഡോളറിനെതിരെ 7.1487 എന്ന ഏറ്റവും താഴ്ന്ന നിരക്കിലാണ് ചൈനീസ് യുവാന്റെ മൂല്യം. 2008 ന് ശേഷമുളള ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര യുദ്ധം നാള്‍ക്കുനാള്‍ കടുത്തുവരികയാണ്. ഇടിവ് തുടരുമ്പോഴും ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും താരിഫ് ഏര്‍പ്പെടുത്താനുളള യുഎസ് തീരുമാനം പുറത്ത് വന്നതോടെയാണ് യുവാന്‍ 7.0 ലേക്ക് ഇടിഞ്ഞത്. ചൈനയെ അമേരിക്ക കറന്‍സിയില്‍ ‘കൃത്രിമപ്പണി ചെയ്യുന്നവര്‍’ എന്ന് വിളിച്ചത് ഈ അടുത്ത് വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.