ബാലഭാസ്‌കറിന്റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തിന് കാരണമായ വാഹനാപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടു. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.
ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയില്‍ പോകുന്നത് ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്‌ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
അതേസമയം, വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ് അര്‍ജുന്‍ പൊലീസില്‍ പറഞ്ഞത്.
അപകടത്തിന് ശേഷം കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷമിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്.പൊലീസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവില്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അന്വേഷണം മുന്നോട്ടുപോയെങ്കിലും എങ്ങുമെത്തിയില്ല. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുനന്ദരവും നിലവില്‍ ഡിആര്‍ഐയുടെ കസ്റ്റഡിയിലാണ്. ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിക്കുന്നത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ബാലഭാസ്‌കര്‍ ആശുപത്രിയിലാണ് മരിച്ചത്. മകള്‍ തേജസ്വിനി ബാല സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.