ഓടക്കുഴല്‍ വായന കേള്‍ക്കുന്ന പശുക്കള്‍ കൂടുതല്‍ പാല്‍ തരുമെന്ന് ബി ജെ പി നേതാവ്

ഓടക്കുഴല്‍ വായിക്കുന്നത് കേട്ടാല്‍ പശുക്കള്‍ കൂടുതല്‍ പാല്‍ നല്‍കുമെന്ന് ബിജെപി നേതാവ് ദിലീപ് കുമാര്‍ പോള്‍. ബരാക് വാലിയിലെ സിലിച്ചറില്‍ നടന്ന ഒരു സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവെയാണ് സ്ഥലം എംഎല്‍എ കൂടിയായ ദിലീപ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹത്തില്‍ പാട്ടും നൃത്തവും ചെലുത്തുന്ന പ്രഭാവം എന്തെന്ന് വ്യക്തമാക്കിയ ദിലീപ് കുമാര്‍ ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ട കാര്യമാണെന്നും പറഞ്ഞു.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ഇത് സംബന്ധിച്ച വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠന0 നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓടക്കുഴല്‍ വായന കേള്‍ക്കുന്ന പശുക്കള്‍ കൂടുതല്‍ പാല്‍ നല്‍കുന്നതായി ആ പഠനത്തില്‍ കണ്ടെത്തിയെന്നും ദിലീപ് കുമാര്‍ വാദിക്കുന്നു.യൂണിവേഴ്‌സിറ്റി ഓഫ് ലൈസെസ്റ്ററില്‍ 2001ല്‍ രണ്ട് മനശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ലളിത സംഗീതം സ്ഥിരമായി കേള്‍ക്കുന്ന പശുക്കള്‍ മൂന്ന് ശതമാനം അധികം പാല്‍ ചുരത്തുന്നതായി കണ്ടെത്തിയിരുന്നു.

വിദേശയിനം പശുക്കള്‍ നല്‍കുന്ന ശുദ്ധമായ വെള്ള പാലിനെക്കാള്‍ നാടന്‍ പശുക്കളുടെ ഇളം മഞ്ഞ നിറമുള്ള പാല്‍ ഗുണത്തിലും രുചിയിലും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, നാടന്‍ പശുക്കളുടെ പാലില്‍ നിന്നുമെടുക്കുന്ന തൈരും, വെണ്ണയും മികച്ച ഗുണ നിലവാരമുള്ളവയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതുപോലെ പശ്ചിമ ബംഗാള്‍, മേഘാലയ, ത്രിപുര, ആസം ബോര്‍ഡറുകള്‍ വഴി ബംഗ്ലാദേശിലേക്ക് കടത്തുന്ന കന്നുകളുടെ കാര്യത്തിലുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.