സിനിമയിലെ മോശം അനുഭവം പങ്കുവെച്ചു വിദ്യാ ബാലന്‍

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം വിദ്യാ ബാലന്‍. പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ നിന്നും തന്നെ അവസാന നിമിഷം പുറത്താക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ വിദ്യ കരാര്‍ ഉറപ്പിച്ച മലയാള സിനിമയില്‍ നിന്നടക്കം തന്നെ മാറ്റിയെന്നും ആ അനുഭവം ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

അതുപോലെ സിനിമയില്‍ വച്ച് ഒരേയൊരു മോശം അനുഭവമേ തനിക്കുണ്ടായിട്ടുള്ളൂവെന്നും താരം വ്യക്തമാക്കി. പരസ്യ ചിത്രീകരണത്തിനായി പോയപ്പോള്‍ കോഫി ഷോപ്പില്‍ വെച്ച് സംസാരിക്കാമെന്ന് സംവിധായകനോട് വിദ്യ പറഞ്ഞു. എന്നാല്‍, അത് വേണ്ട. തന്റെ മുറിയിലിരുന്ന് സംസാരിക്കാം എന്നായിരുന്നു സംവിധായകന്റെ മറുപടി.

അതോടെയാണ് മുറിയിലേക്ക് പോകാന്‍ വിദ്യ തീരുമാനിക്കുകയായിരുന്നു. അവിടെയെത്തിയതിന് ശേഷം വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ അദ്ദേഹം സ്ഥലം വിട്ടുവെന്നും വിദ്യ വ്യക്തമാക്കി.

നായികയ്ക്ക് ചേര്‍ന്ന രൂപമല്ല തന്റേതെന്ന് പറഞ്ഞ് ഒരു നിര്‍മ്മാതാവ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതായും വിദ്യ പറഞ്ഞു. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച് എന്നെ നായികയാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും നിര്‍മ്മാതാവ് പറഞ്ഞു.

ആറുമാസത്തോളം കാലം കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നുവെന്നും തന്റെ രൂപം മോശമാണെന്ന തോന്നലുണ്ടായിയെന്നും വിദ്യ പറഞ്ഞു.