കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം ഒരു രാജ്യവും ഇടപെടേണ്ട എന്ന് രാഹുല്‍ ഗാന്ധി

ജമ്മു-കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ പാക്കിസ്ഥാനടക്കം മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്ന ആളാണ്. പക്ഷെ ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പാക്കിസ്ഥാനെന്നല്ല ഒരു വിദേശ രാജ്യവും ഇടപെടേണ്ട ആവശ്യമില്ല. ജമ്മു-കശ്മീരില്‍ സംഘര്‍ഷം നടക്കുന്നുണ്ട്. അതിന് കാരണം പാക്കിസ്ഥാനാണ്. ലോകത്താകമാനം ഭീകരവാദം പരത്തുന്ന പ്രധാനികളാണ് പാക്കിസ്ഥാന്‍,’ രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു.

ഇന്ത്യ കശ്മീരില്‍ നടത്തുന്ന ഇടപെടലുകളെ സംബന്ധിച്ച് പാക്കിസ്ഥാന്‍ യുഎന്നില്‍ നല്‍കിയ നോട്ടീസില്‍ രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം കശ്മീര്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തുന്നത്.