സീതാറാം യെച്ചൂരിക്ക് കശ്മീരില്‍ പോകാന്‍ സുപ്രീംകോടതി അനുമതി
കശ്മീര്‍ വിഷയത്തില്‍ കേന്ദ്രത്തിനു തിരിച്ചടി. ജമ്മു കശ്മീരിലെ സിപിഎം നേതാവ് മുഹമദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല്‍ വീട്ടുതടങ്കലിലാണ് എംഎല്‍എയായ തരിഗാമി. ഈ സാഹചര്യത്തിലാണ് യെച്ചൂരി ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്. രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ല എന്ന് കോടതി വ്യക്തമാക്കി. താരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് സന്ദര്‍ശനാനുമതി. താരിഗാമിയെ കാണുക എന്നതല്ലാതെ മറ്റൊന്നും പാടില്ല. സന്ദര്‍ശനം രാഷ്ട്രീയ ഉദ്ദ്യേശത്തോടെ ആകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിച്ചുണ്ട്.
താരിഗാമിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ലെന്ന് അറിയിച്ചാണ് യെച്ചൂരിയുടെ സന്ദര്‍ശനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങള്‍ കോടതി തള്ളി. ശ്രീനഗര്‍ എസ്പിക്കാണ് യെച്ചൂരിയുടെ സുരക്ഷാച്ചുമതല നല്‍കിയിരിക്കുന്നത്. കൂടാതെ, അനന്ദ്‌നാഗിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാനുള്ള അനുമതി മുഹമ്മദ് അലീം സയിദിനും കോടതി നല്‍കി. ഇദ്ദേഹത്തിന് പൊലീസ് സുരക്ഷ നല്‍കേണ്ട ചുമതല ശ്രീനഗര്‍ എസ്പിയ്ക്കാണെന്നും കോടതി പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ പത്തോളം ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. അനുച്ഛേദം 370 റദ്ദാക്കല്‍, സുരക്ഷാ നിയന്ത്രണങ്ങള്‍, വീട്ടുതടങ്കല്‍, ജമ്മുകശ്മീരിലെ മാധ്യമപ്രവര്‍ത്തനം എന്നിവ ചോദ്യം ചെയ്യുന്ന പത്തോളം ഹര്‍ജികള്‍ പരിഗണയ്ക്ക് വന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണിയും ഹസ്നയിന്‍ മസൂദിയും പൊതുപ്രവര്‍ത്തകനായ മനോഹര്‍ലാല്‍ ശര്‍മയും തഹ്സീന്‍ പൂനെവാലയും അടക്കമുള്ളവരാണ് അനുച്ഛേദം 370 എടുത്തു കളഞ്ഞതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചവര്‍. കശ്മീരില്‍ അഭിപ്രായ സ്വതന്ത്ര്യവും വ്യക്തിസ്വാതന്ത്യവും മരിവിപ്പിച്ചിരിക്കുകയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.