മേക്കപ്പിന്റെ തിളക്കത്തില്‍ മരിച്ചു വീഴുന്ന ഇന്ത്യന്‍ ബാല്യങ്ങള്‍

സുന്ദരിയും സുന്ദരനും ആയി നടക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു ലോകമാണ് നമുക്ക് ചുറ്റും. ആഹാരം കഴിക്കാന്‍ കയ്യില്‍ ഒന്നും ഇല്ല എങ്കിലും അണിഞ്ഞൊരുങ്ങി നാലാള്‍ കൂടുന്ന ഇടത്തു പോകുന്നത് ഏവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. സ്ത്രീകളാണ് ഇതില്‍ മുന്‍പന്തിയില്‍ എങ്കില്‍ ഇപ്പോഴും പുരുഷന്മാരും മുഖ്യമായി യുവാക്കള്‍ ഈ ഒരുക്കത്തിന്റെ അടിമകളാണ് എന്ന് വേണമെങ്കിലും പറയാം.

മേക്കപ്പില്ലാതെ പുറത്തിറങ്ങുവാന്‍ ഭയക്കുന്നവര്‍ പോലും ഇപ്പോള്‍ സമൂഹത്തില്‍ ഉണ്ട്. പലര്‍ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുവാന്‍ ഈ മേക്കപ്പിനു കഴിയും എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ടുതന്നെയാണ് നമ്മുടെ നാട്ടില്‍ മുക്കിനു മുക്കിനു ബ്യുട്ടി സലൂണുകള്‍ മുളച്ചു വരുന്നതും.

മേക്കപ്പിനു ഉപയോഗിക്കുന്ന പല പ്രോഡക്റ്റുകള്‍ക്കും വമ്പന്‍ വിലയാണ്. എന്നാലും ഇവയുടെ മാര്‍ക്കറ്റില്‍ കച്ചവടവും വളരെ കൂടുതലാണ്. എന്നാല്‍ വെളുത്തിരിക്കുന്ന ഈ മേക്കപ്പിന്റെ കറുത്ത വശങ്ങള്‍ ആരും കാണുന്നില്ല. ഇന്ത്യയില്‍ ഉള്ള പതിനായിരക്കണക്കിന് കൊച്ചു കുട്ടികളുടെ ജീവന്മരണ പോരാട്ടമാണ് നമ്മള്‍ മുഖത്തിട്ടു നടക്കുന്ന ഈ മേക്കപ്പിനു പിന്നില്‍ ഉള്ളത് എന്നറിഞ്ഞാല്‍ ആരും ഒന്ന് ഞെട്ടും.

മേക്കപ്പുകളില്‍ വളരെ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ധാതുപദാര്‍ത്ഥമാണ് മൈക്ക. മൈക്ക ലോകത്തിലെ പല ഭാഗങ്ങളില്‍നിന്ന് ലഭിക്കുമെങ്കിലും, നിലവാരം കൂടിയ മൈക്ക ഇന്ത്യയിലെ ജാര്‍ഖണ്ഡിലാണ്.

ആഴത്തില്‍ ചെന്ന് ഖനനം ചെയ്‌തെടുക്കുന്നതാണ് ഈ ധാതുപദാര്‍ഥം. എന്നാല്‍ കുഴികളില്‍ ജോലി ചെയുന്നത് അഞ്ചോ ആറോ വയസുള്ള കുട്ടികളാണ്. പ്രായമുള്ളവരും ഈ ജോലിയില്‍ ഏര്‍പ്പെടുന്നു. ഇവിടെ ചെന്നാല്‍ പ്രായമുള്ളവരെക്കാളും കുട്ടികളെയാണ് കാണാന്‍ സാധിക്കുന്നത്. സ്‌കൂളില്‍ ഇരിക്കേണ്ട പ്രായത്തില്‍ ഖനനം ചെയ്യാന്‍ പോവുകയാണ് ഇവിടുത്തെ കുട്ടികള്‍. സന്തോഷകരമായ ജീവിതം വിട്ട് ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി മാത്രം ജോലി ചെയുന്ന പിഞ്ചു കുട്ടികള്‍. ഒരു ദിവസത്തെ അവരുടെ വരുമാനം വെറും 50 രൂപയോ 100 രൂപയോ മാത്രമാണ്.

2016ല്‍ റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തില്‍, ഖനനം ചെയുന്നത് കുട്ടികളാണെന്നും അതുകൊണ്ട് തന്നെ നിരവധി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്താനായത്. 20,000ലധികം കുട്ടികളാണ് ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അന്ന് അവര്‍ കണ്ടെത്തിയിരുന്നു.

സര്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ നടത്തുന്ന വ്യാപാരമാണിത്. ഒരു പക്ഷെ ഇത് അറിഞ്ഞാല്‍ തന്നെ ഇവരുടെ ആകെയുള്ള ഉപജീവന മാര്‍ഗം ഇത് മാത്രമാണ്. വിദ്യാഭ്യാസമില്ലായ്മ ഇവരുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ജോലി പോയാല്‍ മറ്റൊരു ജോലി എന്ന് ആശ്വസിക്കാന്‍ ഇവര്‍ക്കാവില്ല.

‘ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് ആഴമുള്ള കുഴികളിലേക്കാണ്. ഉള്ളിലേക്ക് പോകും തോറും കൂരാകൂരിരുട്ട്. പാറകള്‍ ഏത് നിമിഷവും വന്നു വീഴും. മരണം എപ്പോ വേണമെങ്കിലും ജീവന്‍ കൊണ്ടുപോകുന്ന അവസ്ഥ. ഈ ജോലി ചെയ്യാനുള്ള ഇഷ്ടംകൊണ്ടല്ല, ജീവിക്കാന്‍ വേറെ വഴിയില്ല.’ സ്വന്തം സഹോദരനെ നഷ്ട്ടപ്പെട്ട ഒരു പതിനാല് വയസ്സുകാരിയുടെ വാക്കുകളാണിത്. പേടിയോടെയാണെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ് ഈ ജോലി ചെയുന്നത്. പഠനം അവര്‍ക്ക് വെറുമൊരു സ്വപ്നം മാത്രമാണ്.

ലഷ് പോലത്തെ ചില കമ്പനികള്‍ സ്വാഭാവിക മൈക്ക ഉപയോഗിക്കാതെ കൃത്രിമമായി ഉണ്ടാകുന്ന മൈക്ക ഉപയോഗികന്‍ തീരുമാനിച്ചു. ജീവനെടുത്ത് നേടുന്ന ലാഭം അവര്‍ക് വേണ്ടന്നുള്ള തീരുമാനം തന്നെയാണ് ഇതിന് കാരണം. മേക്കപ്പിന്റെ ഭംഗി കൂട്ടാന്‍ അവര്‍ക് ഇതല്ലാതെ വേറെ വഴി കാണാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പല തരത്തിലുള്ള നിറത്തിലും, തിളക്കം ഒട്ടും കുറയാതെത്തന്നെ മൈക്കപ്പിടാന്‍ കൃത്രിമമായി ഉണ്ടാകുന്ന മൈക്ക സഹായിക്കും. ആഗോളതലത്തില്‍ മൈക്ക വ്യവസായം ഒരു ബില്യണ്‍ ഡോളര്‍ വരെ ആസ്തിയുള്ളതാണ്.

ജാര്‍ഖണ്ഡിന്നെ തന്നെ വിശേഷിപ്പിക്കുന്നത് ഖനന സംസ്ഥാനമെന്നാണ്. പല തരത്തിലുള്ള ധാധുവസ്തുക്കളാല്‍ സമ്പന്നമാണ് ഈ സംസ്ഥാനം. അതില്‍ മൈക്കയാണ് കൂടുതല്‍ ഖനനം ചെയ്യുന്നത്. കുറെ സമയവും, ക്ഷമയവും നിറഞ്ഞതാണ് ഈ ജോലി. ഒരു ദിവസം പോലും മുടക്കില്ലാതെയാണ് ഇവര്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ധാധുവസ്തുക്കള്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അവിടെയുള്ള ആര്‍ക്കും തന്നെ അറിയില്ല. ഗവണ്മെന്റ് ഇവര്‍ക്കാവശ്യമുള്ള ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനുമായി യാതൊരു നീക്കവും ഗവണ്‍മെന്റ് ചെയ്തിട്ടില്ല.