പോത്തു മോഷണം ; സമാജ് വാദി പാര്‍ട്ടി എംപി അസംഖാനെതിരെ കേസ്

പോത്തിനെ മോഷ്ടിച്ചുവെന്ന പരാതിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആസിഫ്, സക്കീര്‍ അലി എന്നിവര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 ഒക്ടോബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഘോസിയാന്‍ യത്തീംഖാനയ്ക്ക് സമീപം ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും പോത്തിനെ കടത്തിക്കൊണ്ടു പോയെന്നുമാണ് പരാതി. 25,000 രൂപ മോഷ്ടിച്ചതായും പരാതിയുണ്ട്.

ഭൂമി തട്ടിപ്പിനും അനധികൃതമായി വഖഫ് ബോര്‍ഡിന്റെ സ്വത്ത് കൈവശപ്പെടുത്തിയതിനും അസംഖാനെതിരെ കേസുകളുണ്ട്. സാമൂഹികസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തിയതിനും അസംഖാനെതിരെ അന്‍പതോളം കേസുകള്‍ നിലവിലുണ്ട്.

ഈ കേസില്‍ അസംഖാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി തള്ളിയിരുന്നു. അതിനെ തുടര്‍ന്നാണ് അസംഖാനെ കൂടാതെ മുന്‍ സര്‍ക്കിള്‍ ഓഫീസര്‍ അലേ ഹസനും മറ്റ് നാല് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് പൊലീസ് ഹാജരാക്കി.