ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിയുന്നു ; കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഏപ്രില്‍ – ജൂണ്‍ കാലത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എട്ട് ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്. അത് കുറഞ്ഞുവന്ന് കഴിഞ്ഞ പാദത്തില്‍ (ജനുവരി – മാര്‍ച്ച്) 5.8 ശതമാനമായി കുറഞ്ഞു. 2013 മാര്‍ച്ചിലാണ് ഇതിന് മുമ്പ് ഏറ്റവും ചെറിയ വളര്‍ച്ചാ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് 4.3 ശതമാനമായിരുന്നു വളര്‍ച്ചാ തോത്.

തുടര്‍ച്ചയായി അഞ്ച് സാമ്പത്തിക പാദങ്ങളിലായി ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞു കുറഞ്ഞ് വരികയാണ്. ബിസ്‌കറ്റ് ഉത്പാദനം മുതല്‍ കാര്‍ – ഓട്ടോമൊബൈല്‍ മേഖലയിലടക്കമുണ്ടായ മാന്ദ്യമാണ് ജിഡിപി വളര്‍ച്ചാ നിരക്കും കുറച്ചതെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഉപഭോക്താക്കള്‍ വിപണിയില്‍ വലിയ രീതിയില്‍ സാധനങ്ങള്‍ വാങ്ങാതിരിക്കുകയും, സ്വകാര്യ നിക്ഷേപങ്ങള്‍ കുത്തനെ ഇടിഞ്ഞതും വളര്‍ച്ചാ മാന്ദ്യത്തിന് ആക്കം കൂട്ടി.