പാലാരിവട്ടം മേല്‍പ്പാലം അഴിമതി ; മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

വിവാദമായ പാലാരിവട്ടം മേല്‍പാല നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് . കിറ്റ്കോ മുന്‍ എംഡി ബെന്നി പോളും അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍പെടുന്നു. ആര്‍.ഡി.എസ് എംഡി സുമിത് ഗോയലാണ് അറസ്റ്റിലായ മറ്റൊരാള്‍.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സൂരജ് ഉള്‍പ്പെടെയുള്ളവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മേല്‍പാല നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയായിരുന്നു ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍. ഇതിന് പിന്നാലെ പന്ത്രണ്ടരയോടുകൂടായിണ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മേല്‍പാലം നിര്‍മാണത്തില്‍ രൂപരേഖ അംഗീകരിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു കിറ്റ്കോ. അന്ന് ഡിവിഷണല്‍ ഹെഡ് ആയിരുന്ന ബെന്നി പോളിനേയും, പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെയും, അന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനേയും കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

ഇവര്‍ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. പാലാരിവട്ടം മേല്‍പാല നിര്‍മാണ അഴിമതി കേസില്‍ ഒന്നാം പ്രതിയാണ് ആര്‍ഡിഎസ് കമ്പിനി ഉടമ സുമിത് ഗോയല്‍. 17 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനാണ് സാധ്യത.

കേസിലെ ആദ്യ അറസ്റ്റില്‍ത്തന്നെ ഉദ്യോഗസ്ഥരിലെ ഉന്നതരെയാണ് വിജിലന്‍സ് പിടികൂടിയിരിക്കുന്നത്. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പടെ കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

2014-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലാരിവട്ടത്ത് മേല്‍പ്പാലം പണിയാനുള്ള അനുമതി നല്‍കിയത്. നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത് കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു. ആര്‍ഡിഎസ് പ്രോജക്ടിനെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചു.

സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌കോയായിരുന്നു പ്രൊജക്ട് കണ്‍സള്‍ട്ടന്റ്. ഡിസൈന്‍ തയ്യാറാക്കിയത് ബെംഗളുരു ആസ്ഥാനമായ നാഗേഷ് കണ്‍സള്‍ട്ടന്‍സി. 2014 സെപ്റ്റംബര്‍ 1-ന് പാലം നിര്‍മ്മാണം തുടങ്ങി. 442 മീറ്ററാണ് പാലത്തിന്റെ നീളം. 2016 ഒക്ടോബര്‍ 12-ന്, പണി തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം, പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

പാലത്തിന്റെ നിര്‍മ്മാണച്ചെലവ് 42 കോടിയായിരുന്നു. 2017 ജൂലൈയിലാണ് പാലത്തില്‍ കുഴികളുണ്ടായതായി ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. 2018 സെപ്റ്റംബറില്‍ പാലത്തില്‍ ആറിടത്ത് വിളളല്‍ കണ്ടെത്തി. പാലം വഴി ഗതാഗത നിയന്ത്രണത്തിനു ശുപാര്‍ശ. ബാലത്തിന്റെ ബലക്ഷയം ആദ്യം പരിശോധിച്ചത് മദ്രാസ് ഐ.ഐ.ടിയായിരുന്നു. 2019 മാര്‍ച്ച് 27-ന് ഐ.ഐ.ടി. പരിശോധനാ റിപ്പോര്‍ട്ട് നല്‍കി.