അയ്യന്‍ങ്കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റിട്ട മോഹന്‍ലാല്‍ ആരാധകന്‍ അറസ്റ്റില്‍
ഫാന്‍ ഫൈറ്റിന്റെ പേരില്‍ മഹാത്മാ അയ്യന്‍ങ്കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ചാന്നാനിക്കാട് വില്ലനാണിയില്‍ അമല്‍ വി സുരേഷിനെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ ആരാധകനായ ഇയാള്‍ ഫേസ്ബുക്ക് ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകളിലെ സ്ഥിര സാന്നിധ്യമാണ്. തനിക്ക് ഇഷ്ടമില്ലാത്ത താരത്തിനെ പരിഹാസ്യനാക്കുവാന്‍ വേണ്ടി തയ്യറാക്കിയ ട്രോള്‍ ആണ് വിവാദമായതും അറസ്റ്റില്‍ കലാശിച്ചതും.
19 വയസുകാരനായ ഇയാള്‍ക്കെതിരെ 153 ഐപിസി, കേരളാ പൊലീസ് ആക്ട് 120 എന്നിവ പ്രകാരം കേസ് എടുത്തു. അമല്‍ അയ്യന്‍ങ്കാളിയുടെ ഛായാചിത്രം വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് കോട്ടയം പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സൂര്യമാനസം സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ മുഖം അയ്യന്‍ങ്കാളിയുടെ ഛായാചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്തും അയ്യന്‍കാളിയുടെ പ്രസിദ്ധമായ പണിമുടക്ക് ആഹ്വാനവാചകത്തില്‍ മാറ്റം വരുത്തിയുള്ളതുമായിരുന്നു അമല്‍ വി സുരേഷിന്റെ പോസ്റ്റ്. ഫാന്‍ ഫൈറ്റ് ഗ്രൂപ്പിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് ചര്‍ച്ചയായി. തുടര്‍ന്ന് അമലിനെതിരെ പരാതിയുമായി കെപിഎംഎസും ഭീം ആര്‍മിയും രംഗത്തെത്തി. ഇവര്‍ നല്‍കിയ പരാതിയിലാണ് നടപടി എന്നാണ് അറിയുന്നത്.
ഒന്നേകാല്‍ ലക്ഷത്തോളം അംഗങ്ങളുള്ള ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പാണ് ഫാന്‍ ഫൈറ്റ് ക്ലബ്ബ്. സ്ത്രീവിരുദ്ധ-വംശീയാധിക്ഷേപ പോസ്റ്റുകളുടെ പേരില്‍ മുന്‍പും ഈ ഗ്രൂപ്പ് വിവാദത്തിലായിട്ടുണ്ട്. വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഗ്രൂപ്പ് പൂട്ടിയെങ്കിലും പിന്നീട് വീണ്ടും തിരിച്ചുവരുകയായിരുന്നു.
ഇതിലാണ് നവോത്ഥാന നായകന്‍ അയ്യങ്കാളിയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് വന്നത്. വളരെ വികൃതവും അശ്‌ളീലപരവുമായ പോസ്റ്റുകള്‍ കൊണ്ട് സജീവമായ ഗ്രൂപ്പാണ് ഇത്. അതുകൊണ്ടു തന്നെ യുവാക്കളുടെ ഇഷ്ട ഗ്രൂപ്പ് കൂടിയാണ് ഇത്. അതേസമയം തല മുതിര്‍ന്ന ആരാധകര്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ലോക വിവരമില്ലാത്ത കുട്ടികളെ കൊണ്ട് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ തയ്യാറാക്കി വിടുന്നു എന്നും ആരോപണം ഉണ്ട്.വിവാദമായതിനു പിന്നാലെ ഇയാൾ തന്റെ പോസ്റ്റും ഫേസ്‌ബുക്ക് പ്രൊഫൈലും ഡിലീറ്റ് ചെയ്തു എങ്കിലും സ്‌ക്രീൻ ഷോട്ടുകൾ പ്രചരിച്ചതാണ് ഇയാളെ കുടുക്കുവാൻ കാരണമായത്.