കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച
അതിജീവനത്തിന്റെ ആത്മവിശ്വാസവുമായി ലോകമെങ്ങുമുള്ള മലയാളികള്‍ 2019ലെ ഓണക്കാലത്തെ വരവേല്‍ക്കുമ്പോള്‍, ഓസ്ട്രിയയിലെ വിയന്നയില്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകീട്ട് 6ന് പൂവിളികളും, പൂത്താലങ്ങളുമായി കേരള സമാജം വിയന്നയുടെ 41-ാം വാര്‍ഷികത്തിനും, 73-ാം ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷത്തിനും തിരിതെളിയുകയാണ്.
21-ാം ജില്ലയില്‍ ഫ്‌ലോറിഡ്‌സ് ദോര്‍ഫ് ടൗണ്‍ഹാളില്‍ വിയന്നയിലെ രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ പരിപാടികള്‍ ആരംഭിക്കും. പ്രവേശനം സൗജന്യമായ സമ്മേളനത്തില്‍ നൃത്തനൃത്യങ്ങളും, സംഗീതമേളവും അരങ്ങിനെ സമ്പന്നമാക്കുന്നതോടൊപ്പം തംബോല നറുക്കെടുപ്പും, രുചികരമായ ഇന്ത്യന്‍ വിഭവങ്ങളും ഈ ഒത്തുകൂടലിന്റെ സവിശേഷതകളാണ്.
സംഗീത ലോകത്ത് ഏറെ പ്രശസ്തരായ ഫാ. വില്‍സണ്‍ മേച്ചേരില്‍, ഫാ. ജാക്‌സണ്‍ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ‘നാദവിസ്മയ’ സംഗീത വിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളിലെ പ്രധാന സവിശേഷതയാകും.
ഓണാഘോഷത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും, പരിപാടിയിലേയ്ക്കും ഏവരെയും ക്ഷണിക്കുന്നതായും കേരള സമാജം പ്രസിഡണ്ട് സാജു സെബാസ്റ്റ്യന്‍, ആര്‍ട്‌സ് സെക്രട്ടറി സിമ്മി കൈലാത്ത് എന്നിവര്‍ സംഘടനാംഗങ്ങള്‍ക്കൊപ്പം അറിയിച്ചു.