രക്തപരിശോധനാഫലം എസ്എംഎസ് അയച്ചു ; ഡോക്ടറെ എന്‍ഐഎ പിടികൂടി
ഡല്‍ഹിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും ബാദ്ര ആശുപത്രി ചെയര്‍മാനുമായ ഉപേന്ദ്ര കൗളിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി ചോദ്യം ചെയ്തത്. എസ്എംഎസ് ആയി അയച്ച രക്തപരിശോധനാ ഫലം ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ച് ആണ് ഡോക്ടറെ എന്‍ഐഎ ചോദ്യം ചെയ്തത്.
കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് അയച്ച എസ്എംഎസ് ആണ് ഉപേന്ദ്ര കൗളിന് കുരുക്കായത്. കൗളിന്റെ രോഗികളില്‍ ഒരാളാണ് യാസിന്‍ മാലിക്ക്. രക്തപരിശോധന ഫലമാണ് യാസിന് ഡോക്ടര്‍ മെസേജായി അയച്ചത്. INR 2.78 എന്നായിരുന്നു സന്ദേശം. തീവ്രവാദസഹായത്തിന് ഹവാല പണം എത്തിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ എന്‍ഐഎക്ക് മുന്നില്‍ ഈ സന്ദേശവും എത്തി. INRനെ 2.78 കോടി ഇന്ത്യന്‍ രൂപ എന്ന് കണക്കാക്കിയ ഏജന്‍സി ഡോക്ടറോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ INR എന്നത് രക്തപരിശോധനഫലമാണെന്ന് ബോധ്യമായി. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിക്കെതിരെ ഉപേന്ദ്ര കൗള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അസാധാരണമായി ഒന്നുമില്ലെന്നും രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യത്തിലാണ് ചോദ്യ ചെയ്യതതെന്നും ഉപേന്ദ്ര കൗള്‍ പ്രതികരിച്ചു . നാടിന്റെ നന്‍മക്ക് ഒപ്പമാണ് താന്നെന്നും അദ്ദേഹം പറഞ്ഞു.