പാലാ : ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
അനിശ്ചിതങ്ങള്‍ക്ക് വിരാമമായി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോം പുലിക്കുന്നേല്‍ മത്സരിക്കുവാന്‍ തീരുമാനം. നിലവില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ് ഇദ്ദേഹം. മീനച്ചില്‍ പഞ്ചായത്ത് മെമ്പറായിരുന്നു. യുഡിഎഫ് യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എല്ലാം ശുഭകരമായിരിക്കുമെന്നും ജോസ് കെ. മാണി മുന്‍പ് സൂചിപ്പിച്ചിരുന്നു. നിഷ ജോസ് കെ. മാണി മത്സരിക്കുന്നതില്‍ പി.ജെ. ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയായിരുന്നു, കൂടാതെ അത് അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പൊതു സമ്മതനും ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയുമായിരിക്കണം പാലായില്‍ മത്സരിക്കേണ്ടത് എന്നായിരുന്നു ജോസഫ് പക്ഷത്തിന്റെ നിലപാട്.
അവസാനം, പാര്‍ട്ടി ഏവര്‍ക്കും സമ്മതനായ സ്ഥാനാര്‍ഥിയെ തന്നെ കണ്ടെത്തിയിരിയ്ക്കുകയാണ്. കെ.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ അംഗവുമാണ് അദ്ദേഹം.