തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസ് ; കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചതായുള്ള പരാതിക്കാരന്റെ ശബ്ദ സന്ദേശം പുറത്ത്
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസില്‍ കേസുകൊടുക്കാന്‍ കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചതായുള്ള പരാതിക്കാരന്റെ ശബ്ദ സന്ദേശം പുറത്ത്. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യില്‍ കിട്ടുമെന്ന് നാസില്‍ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. താന്‍ നാസിലിന് ചെക്ക് നല്‍കിയിട്ടില്ലെന്ന തുഷാറിന്റെ വാദങ്ങള്‍ ശരി വയ്ക്കുന്നതാണ് നാസിലിന്റേതായി പുറത്ത് വന്ന ശബ്ദ സന്ദേശങ്ങള്‍.
തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കരസ്ഥമാക്കാന്‍ അഞ്ച് ലക്ഷം രൂപ തന്ന് സഹായിക്കണമെന്ന് ശബ്ദ സന്ദേശത്തില്‍ നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. ചെക്ക് കൈവശമുള്ളയാള്‍ക്ക് കേസ് നല്‍കാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കാശ് കൊടുത്താല്‍ ചെക്ക് സ്വന്തമാക്കാം. തുഷാര്‍ ജയിലിലായാല്‍ വെള്ളാപള്ളി ഇടപെടുമെന്നും ചെക്കില്‍ ആറുമില്യണ്‍വരെ കിട്ടുന്ന പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു തന്റെ ഉദ്ദേശമെന്നും ശബ്ദ സന്ദേശത്തില്‍ നാസില്‍ പറയുന്നു.
തനിക്ക് കിട്ടാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ടെങ്കിലും തെളിയിക്കാന്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ കേസ് കൊടുത്താല്‍ താന്‍ വിജയിക്കുമെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. കേസ് നല്‍കുന്നതിന് രണ്ട് മാസം മുമ്പ് കേരളത്തിലെ സുഹൃത്തിന് നാസില്‍ അയച്ച ശബ്ദ സന്ദേശങ്ങളാണ് പുറത്തായത്.
അതേസമയം, തുഷാറുമായുള്ള ഇടപാടിന്റെ ചെക്കും രേഖകളും വച്ച് ഒരാളില്‍ നിന്ന് വാങ്ങിയ കാശ് തിരികെ കൊടുക്കാന്‍ സുഹൃത്തിനോട് തുക ആവശ്യപ്പെട്ടതാണെന്നാണ് നാസിലിന്റെ വിശദീകരണം.