പാലായില്‍ കെഎം മാണിയാണ് ചിഹ്നം എന്ന് രമേശ് ചെന്നിത്തല

പാലാ പോരില്‍ ജോസ് ടോമിന് ‘രണ്ടില’ച്ചിഹ്നം കിട്ടില്ലെന്നുറപ്പായി. രണ്ടില അനുവദിക്കണമെങ്കില്‍ പാര്‍ട്ടി ചെയര്‍മാനായി നിലവില്‍ സ്ഥാനമേറ്റെടുത്തിരിക്കുന്ന പി ജെ ജോസഫിന്റെ കത്ത് വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴും രണ്ടിലച്ചിഹ്നം കിട്ടുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ജോസ് കെ മാണി.

ഇതിനിടെ, ജോസ് കെ മാണിക്കെതിരെ കേരളാ കോണ്‍ഗ്രസ് നേതാവ് ഇ ജെ അഗസ്തി രംഗത്തെത്തി. ജോസ് വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കില്‍ ചിഹ്നത്തിന്റെ പ്രശ്‌നം പരിഹരിക്കാമായിരുന്നു. സ്ഥാനാര്‍ത്ഥിത്തര്‍ക്കത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെന്നും അഗസ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ നിയമ അഭിപ്രായം തേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടില വേണമെന്ന് നിര്‍ബന്ധമില്ല. പാലായില്‍ കെഎം മാണിയാണ് ചിഹ്നം. പിജെ ജോസഫ് ഐക്യജനാധിപത്യ മുന്നണിയില്‍ തന്നെ ഉണ്ടെന്നും മണ്ഡലത്തില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം തേടുമെന്നും ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.

അതേസമയം, രണ്ടില ചിഹ്നം നല്‍കുന്നതില്‍ സാങ്കേതിക തടസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് കാര്യങ്ങള്‍ പഠിച്ച ശേഷമാണെന്ന് പിജെ ജോസഫ് പറഞ്ഞു. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.

ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ ജോസഫ് വച്ച ഉപാധി. ചെയര്‍മാനായി അംഗീകരിക്കില്ലെന്നും വര്‍ക്കിംഗ് ചെയര്‍മാനെന്ന നിലയില്‍ ജോസഫ് ചിഹ്നം അനുവദിച്ചോട്ടെ എന്നുമായിരുന്നു ജോസ് കെ മാണിയുടെ മറുപടി.

ജോസഫ് ചിഹ്നം അനുവദിച്ചാല്‍ തന്നെ ആരെങ്കിലും എതിര്‍ത്താല്‍ നിയമപ്രശ്‌നം ഉണ്ടാകുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമോപദേശം തേടി മാത്രം മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനം.