കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുമെന്നു പാക്കിസ്ഥാന്‍ ; പ്രതികരിക്കാതെ ഇന്ത്യ

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് ഇന്ന് നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാക്കിസ്ഥാന്‍. ഇന്നലെയാണ് പാക്കിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര നീതിന്യായകോടതി വിധിയും വിയന്ന കണ്‍വന്‍ഷന്‍ പ്രഖ്യാപനവും പാക്കിസ്ഥാന്‍ നിയമത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സഹായമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാകും കൂടിക്കാഴ്ചയെന്നാണ് വിവരം. എന്നാല്‍ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് രണ്ടിന് ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയെങ്കിലും പാക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്ന ഉപാധി ഇന്ത്യ അംഗീകരിക്കാതിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ല.

ചാരവൃത്തി ആരോപിച്ച് 2016 ലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്തത്. ശേഷം 2017 ഏപ്രിലില്‍ ജാദവിന് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ 2017 മെയില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്നു 2019 ജൂലൈ 18 ന് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞിരുന്നു. മാത്രമല്ല ജാദവിന് നയതന്ത്ര സഹായം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്രനീതിന്യായ കോടതിയില്‍ ഹാജരായത്.