രാജ്യം ചുഴലിക്കാറ്റ് ഭീതിയില്‍ ; ഗോള്‍ഫ് കളിച്ചു കറങ്ങി നടന്നു ട്രംപ്

രാജ്യം മുഴുവന്‍ ചുഴലിക്കാറ്റ് ഭീതിയില്‍ കഴിച്ചു കൂട്ടുന്ന സമയത്തു ഗോള്‍ഫ് കളിച്ചു സമയം കളയുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബഹാമസില്‍ വന്‍ നാശംവിതച്ചുകൊണ്ട് ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് നീങ്ങുന്നതിനിടെയാണ് ട്രംപ് ഗോള്‍ഫ് കളിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. സിഎന്‍എന്‍ റിപ്പോര്‍ട്ടറായ ജെറമി ഡയമന്‍ഡാണ് വിര്‍ജീനിയയിലെ ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെടുന്ന ട്രംപിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ ഇരകളായവരുടെ അനുസ്മരണത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ട്രംപ് ചുഴലിക്കാറ്റിനെ നേരിടാനുള്ള ക്രമീകരണങ്ങള്‍ നിയന്ത്രിക്കാന്‍ പരിപാടിയില്‍ സംബന്ധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ചുഴലിക്കാറ്റ് സംബനിധിച്ച സകല വിവരങ്ങളും ട്രംപ് അറിയുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രഷം വിശദമാക്കുന്നത്.

അറ്റ്‌ലാന്റിക്കില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായാണ് ഡോറിയന്‍ ചുഴലിക്കാറ്റെന്നാണ് നിരീക്ഷണം. ഡോറിയന്‍ ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ബഹാമസില്‍ പ്രവേശിച്ചത് ഞായറാഴ്ച വൈകുന്നേരമാണ്.

കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന കാറ്റ് ആഞ്ഞുവീശുന്നത് മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍വരെ വേഗത്തിലാണെന്നാണ് കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നത്. ഫ്‌ലോറിഡയില്‍നിന്നും നോര്‍ത്ത് കാരോലീനയില്‍നിന്നും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. അതിനിടയിലാണ് പ്രസിഡന്റിന്റെ ഗോള്‍ഫ് കളി.