കപ്പല്‍ പോര് : ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്‍, മോചിതരാകുന്നവരില്‍ മലയാളികളും

കപ്പല്‍ പോരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപറോയിലെ ഏഴ് ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ മലയാളികള്‍ അടക്കം അഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. 23 ഇന്ത്യക്കാരാണ് കപ്പലില്‍ ജീവനക്കാരായി ഉള്ളത്.

ജൂലൈ 19നാണ് ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് പ്രതികാരമായി ആയിരുന്നു നടപടി. ഗ്രേസ്-1 ഓഗസ്റ്റില്‍ ബ്രിട്ടന്‍ വിട്ടയച്ചിരുന്നു.

കപ്പലിലെ ജീവനക്കാരുമായോ ക്യാപ്റ്റനുമായോ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഇറാന്‍ വിദേശ കാര്യവക്താവ് അബ്ബാസ് മൗസവി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മാനുഷിക പരിഗണന വച്ചാണ് ഇവരെ വിട്ടയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ജീവനക്കാരെയും മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എത്രയും വേഗം അവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനാകും.

അവരെ എന്ന് വിട്ടയയ്ക്കാനാകുമെന്നതു സംബന്ധിച്ച ഔദ്യോഗിക തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. കപ്പലിന്റെ ഉടമസ്ഥനായ സ്വീഡന്‍ സ്വദേശി സ്റ്റെനാ ബള്‍ക് പറഞ്ഞു. ഏഴ് പേരെ വിട്ടയയ്ക്കാനുള്ള തീരുമാനം പ്രതീക്ഷാവഹമാണെന്നും ബാക്കിയുള്ള 16 പേരും ഉടന്‍ മോചിപ്പിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.