പാലായില്‍ വിമത നീക്കവുമായി ജോസഫ് വിഭാഗം ; മുന്നണി ധാരണയുടെ ലംഘനം എന്ന് ജോസ് കെ മാണി

പാലായില്‍ ജോസ് കെ മാണി പക്ഷത്തിന് തിരിച്ചടി നല്‍കിക്കൊണ്ടു ജോസഫ് പക്ഷത്തിന്റെ വിമത നീക്കം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ബദലായി ജോസഫ് വിഭാഗം നേതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായ ജോസഫ് കണ്ടത്തിലാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.

രണ്ടില ചിഹ്നം ജോസ് ടോമിന് കിട്ടുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് കടുത്ത നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പി ജെ ജോസഫിന്റെ പിഎയും പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും ജോസഫ് കണ്ടത്തിലിന്റെ പത്രികാ സമര്‍പ്പണ ചടങ്ങിനെത്തിയിരുന്നു.

അതേസമയം പാലായില്‍ വിമതനെ നിര്‍ത്തിയതില്‍ മുന്നണി ധാരണയുടെ ലംഘനം നടന്നതായി ജോസ്.കെ.മാണി. പ്രശ്നത്തെ യുഡിഎഫ് ഗൗരവത്തോടെ കാണുന്നുവെന്നും ജോസ്.കെ.മാണി പറഞ്ഞു. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ജോസ് ടോമിന് പുറമെ പി.ജെ ജോസഫ് വിഭാഗം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച നടത്തിയ ഐക്യജനാധിപത്യ മുന്നണി യോഗത്തില്‍ ചില ധാരണകളില്‍ എത്തിയിരുന്നു. ആ ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിയും ചിഹ്നവും ഐക്യത്തോടെ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്.

തുടര്‍ന്ന് പിജെ ജോസഫ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിയ്ക്ക് രണ്ടില ചിഹ്നവും ഉറപ്പു നല്‍കിയിരുന്നു. ആ ധാരണയുടെ നഗ്‌നമായ ലംഘനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു.