25,000 രൂപയുടെ ആട്ടോറിക്ഷയ്ക്ക് 47,500 രൂപ പിഴ

ജീവിക്കാന്‍ വേണ്ടി 25,000 രൂപ മുടക്കി വാങ്ങിയ ആട്ടോ റിക്ഷയ്ക്ക് പോലീസ് ചുമത്തിയത് 47,500 രൂപയുടെ പിഴ. ഒഡീഷയിലെ ആചാര്യ വിഹാര്‍ ചാക്കിലാണ് സംഭവം. ഹരിബന്ധു കന്‍ഹാര്‍ എന്ന ഓട്ടോഡ്രൈവര്‍ക്കാണ് ട്രാഫിക് പൊലീസ് ഭീമന്‍ തുക പിഴ ചുമത്തിയത്. പൊതു നിയമ ലംഘനത്തിന് 500 രൂപയാണ് പിഴ ചുമത്തിയത്.

അസാധുവായ ഡ്രൈവിംഗ് ലൈസന്‍സിന് 5000 രൂപ, പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന് 10,000 രൂപ, മദ്യപിച്ച് വാഹനമോടിച്ചതിന് 10,000 രൂപ, വായു / ശബ്ദ മലിനീകരണ നിയമ ലംഘനത്തിന് 10,000 രൂപ, യോഗ്യതയില്ലാത്ത വ്യക്തിയെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 5,000 രൂപ, രജിസ്ട്രേഷനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇല്ലാതെ വാഹനം ഉപയോഗിക്കുന്നതിന് 5000 രൂപ, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 2,000 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.

എന്നാല്‍ ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്നാണ് ഹരിബന്ധു പറയുന്നത്. തന്റെ വാഹനം പിടിച്ചെടുക്കുകയോ ജയിലിലേക്ക് അയയ്ക്കുകയോ ചെയ്താലും തനിക്ക് ഈ തുക നല്‍കാന്‍ കഴിയില്ലെന്ന് ഹരിബന്ധു വ്യക്തമാക്കി. തന്റെ സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോയ്ക്ക് 25000 രൂപ മാത്രമാണ് ആയത്. അതിനേക്കാള്‍ വലിയ തുകയാണ് ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്.

ബിരുദധാരിയായ താന്‍ പല ജോലികള്‍ക്കും ശ്രമിച്ചു. ഒന്നും ലഭിക്കാതെ വന്നതോടെയാണ് നിത്യവൃത്തിക്കായി ഓട്ടോ വാങ്ങിയത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. തന്റെ പക്കല്‍ എല്ലാ രേഖകളുമുണ്ടെന്നും ഡ്രൈവര്‍ അവകാശപ്പെട്ടു. ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ഹരിബന്ധു കന്‍ഹാറിനെതിരെ പിഴ ചുമത്തിയത്.