അമ്പലപ്പുഴ പായസത്തിന്റെ വ്യാജന്‍ ഇറക്കി ; ആപ്പിലായി മാപ്പു പറഞ്ഞു ബേക്കറി ഉടമ
അമ്പലപ്പുഴ പാല്‍പായസമെന്ന പേരില്‍ പായസം വില്‍ക്കാന്‍ ശ്രമിച്ച ബേക്കറി ഉടമ ആപ്പിലായി. തിരുവല്ല കടപ്രയിലുള്ള ജോളി ഫുഡ് പ്രൊഡക്ട്സിന്റെ ഉടമസ്ഥതിയിലുള്ള തോംസണ്‍ ബേക്കറിയിലാണ് ‘അമ്പലപ്പുഴ പാല്‍പായസം’ എന്ന ലേബലൊട്ടിച്ച് പായസം വില്‍പന നടത്തിയത്. എന്നാല്‍ ബേക്കറിയില്‍ വില്‍പനയ്ക്ക് വച്ചിരുന്ന പായസ പാത്രങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇതിനെതിരെ വ്യാപകമായ എതിര്‍പ്പുയരുകയും സംഭവം വിവാദമാകുകയും ചെയ്തത്.
തുടര്‍ന്ന് അമ്പലപ്പുഴ പാല്‍പായസമെന്ന പേരില്‍ ഭക്തരെ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡടക്കം ഇതിനെതിരെ രംഗത്തെത്തി. ബേക്കറിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരണം ശക്തമായതോടെ ബേക്കറിയുടെ ഉടമസ്ഥര്‍ മാപ്പു പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. തങ്ങളുടെ ഉത്പന്നങ്ങളിലൊന്നായ പാല്‍പായസം അമ്പലപ്പുഴ പാല്‍പായസം എന്ന് തെറ്റായി ലേബല്‍ ചെയ്തതാണെന്നും ഈ തെറ്റിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും തോംസണ്‍ ബേക്കറി അധികൃതര്‍ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ തന്നെ ബേക്കറി അധികൃതര്‍ പായസത്തിന്റെ ലേബലില്‍ നിന്ന് ‘അമ്പലപ്പുഴ’ ഒഴിവാക്കിയിരുന്നു. അതേ സമയം അമ്പലപ്പുഴ പായസമെന്ന പേരില്‍ ബേക്കറിയില്‍ പായസം വില്‍പന നടത്തിയതിനെതിരെ നിയമനടപടികളുമായി നീങ്ങാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഇന്നലെ ബേക്കറിയിലെത്തി പരിശോധന നടത്തുകയും പായസം വാങ്ങുകയും ചെയ്തിരുന്നു.
അമ്പലപ്പുഴ പാല്‍പായസമെന്ന പേരില്‍ അര ലിറ്ററിന് 175 രൂപ ഈടാക്കി വില്‍പന നടത്തുന്നതായി ബോധ്യപ്പെട്ട ദേവസ്വം വിജിലന്‍സ് വിവരം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തയ്യാറാക്കി ക്ഷേത്രത്തിലെ കൗണ്ടറിലൂടെ മാത്രം ഭക്തര്‍ക്ക് വിതരണം ചെയ്ത് വരുന്നതാണ് അമ്പലപ്പുഴ പാല്‍പായസം. ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഇതേ പേരില്‍ പായസം വില്‍പന നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.