ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ; ഇനി 14 ദിവസം തീഹാര്‍ ജയിലില്‍
പണമിടപാട് കേസില്‍ സിബിഐ കസ്റ്റഡിയിലായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സിബിഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സെപ്റ്റംബര്‍ 19 വരെയാണ് ജൂഡീഷ്യല്‍ കസ്റ്റഡി.
15 ദിവസത്തെ സിബിഐ റിമാന്‍ഡ് അവസാനിച്ചതിനാല്‍, ചിദംബരത്തെ വ്യാഴാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു.
ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുമുള്ള സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
74 കാരനായ മുന്‍ കേന്ദ്രമന്ത്രിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. ചിദംബരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചിരുന്നു. ജയില്‍ ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ ഫലം കണ്ടില്ല.
അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യനിലയും മുന്‍ ധനമന്ത്രി എന്ന പരിഗണനയും വച്ച് പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്റ്റേണ്‍ ടോയ്ലറ്റും അനുവദിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു.
കഴിഞ്ഞ 21നാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍നിന്നും സിബിഐ അറസ്റ്റുചെയ്തത്. അഗസ്റ്റ് 22 മുതല്‍ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരുകയായിരുന്നു.