ട്രാഫിക്ക് കുരുക്ക് മുറുകി എറണാകുളം ; പത്തുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ രണ്ടു മണിക്കൂര്‍
കൊച്ചിയില്‍ വാഹനവുമായി റോഡില്‍ ഇറങ്ങുന്നവര്‍ക്ക് കഷ്ടകാലം. വന്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് വൈറ്റില അരൂര്‍ ദേശീയപാതയില്‍ ഇന്ന് വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിയിരുന്നു. മൂന്ന് ദേശീയപാതകള്‍ ഒന്നിക്കുന്ന കുണ്ടന്നൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള അരൂരിലെത്താന്‍ രണ്ട് മണിക്കൂറിലധികമാണ് യാത്രക്കാര്‍ റോഡില്‍ കിടന്നത്.
കുണ്ടന്നൂര്‍, വൈറ്റില മേല്‍പാലങ്ങളുടെ നിര്‍മ്മാണത്തോടൊപ്പം സമാന്തര റോഡുകള്‍ പൊട്ടിപ്പൊളിയുക കൂടി ചെയ്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ഇടറോഡുകള്‍ ആശ്രയിച്ചവര്‍ക്കും രക്ഷയില്ലാതായി. കുണ്ടന്നൂരില്‍ നിന്ന് തേവരയിലേക്കും മരടിലേക്കും പോകുന്ന വഴികള്‍ പാലം പണിക്കായി അടച്ചതോടെ, ഈ റോഡിലുള്ളവരും വൈറ്റില അരൂര്‍ ദേശീയപാതയിലേക്ക് കയറി വേണം യാത്ര തുടരാന്‍.
കനത്ത ഗതാഗത കുരുക്കിനെ തുടര്‍ന്ന് കുണ്ടന്നൂരിലും വൈറ്റിലയിലും ഗതാഗത നിയന്ത്രണത്തിന് നാളെ മുതല്‍ കൂടുതല്‍ പൊലീസുകാര്‍. 80 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിരിക്കുന്നത്. കുണ്ടന്നൂരില്‍ 60 പേരെയും വൈറ്റിലയില്‍ 20 പേരെയുമാണ് അധികമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിയോഗിച്ചത്.
അതേസമയം ശക്തമായ എതിര്‍പ്പാണ് നാട്ടുകാരുടെ വശത്തു നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പല ഇടങ്ങളിലും യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത് വന്നു കഴിഞ്ഞു. റോഡുകള്‍ എല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതും മെട്രോ നിര്‍മ്മാണവും മറ്റും നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്.