ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണറായി ചുമതലയേറ്റു
കേരളത്തിന്റെ 22-ാമത്തെ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങലില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റീസ് പി. സദാശിവം കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനെ പുതിയ ഗവര്‍ണറായി നിയമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഗവര്‍ണറുടെ പത്നി രേഷ്മാ ആരിഫ്, മന്ത്രിമാര്‍, വിശിഷ്ടവ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഞായറാഴ്ചയാണ് വിജ്ഞാപനമിറക്കിയത്.
ചരണ്‍ സി0ഗിന്റെ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 1977-ല്‍ അദ്ദേഹം യുപി നിയമസഭയിലെത്തി. ജനതാ പാര്‍ട്ടിക്കാരനായായി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ എത്തുകയും, പാര്‍ട്ടിയുടെ ഉറച്ച ശബ്ദമായി മാറുകയും ചെയ്തിരുന്നു.
മുസ്ലീം സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംബന്ധിച്ചുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. ബില്ലുമായി മുന്നോട്ടുപോകുന്നതു കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നു പാര്‍ട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയോടു ചൂണ്ടിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.
പിന്നീട് ബി ജെ പിയില്‍ എത്തിയ അദ്ദേഹം 2007ല്‍ ബിജെപിയില്‍ നിന്നും അകലുകയും ചെയ്തു. 2007ന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്നിരുന്ന ആരിഫ് മുഹമ്മദ് കഴിഞ്ഞ കുറച്ച് നാളുകളായി മോദി സര്‍ക്കാരിനോട് നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. മുത്തലാഖ് ബില്ലിനെ പിന്തുണക്കുകയും നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍.