ചന്ദ്രയാന്‍ 2 ; ചരിത്ര നിമിഷത്തിലേക്ക് മണിക്കൂറുകള്‍ മാത്രം
രാജ്യം ഉറ്റുനോക്കുന്ന അഭിമാന നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ലാന്‍ഡര്‍ ചന്ദ്രനെ തൊടാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡി0ഗ് നടത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക. നിലവില്‍ ‘ഓര്‍ബിറ്ററി’ലെയും ‘ലാന്‍ഡറി’ലെയും എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രയാന്‍ 2 ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രനെ തൊടുന്ന അപൂര്‍വ നിമിഷത്തിനായാണ് രാജ്യം കാത്തിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയിലാണ് ചരിത്ര നിമിഷം പിറക്കുക. 47 ദിവസം കൊണ്ട് 3.48 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ലക്ഷ്യത്തിലേക്കെത്തുന്നത്.
ഇതുവരെയാരും കടന്നു ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മാന്‍സിനസ് സി, സിംപീലിയസ് എന്‍ എന്നീ ഗര്‍ത്തത്തിന് നടുക്ക് പേടകം ലാന്‍ഡ് ചെയ്യിക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. ആദ്യമായാണ് ഐഎസ്ആര്‍ഒ ഒരു ഉപഗ്രഹം സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്നത്.
ലാന്‍ഡിംഗ് പ്രക്രിയ ആരംഭിച്ചാല്‍ 15 മിനിറ്റുകൊണ്ട് ഉപഗ്രഹം 30 കിലോമീറ്റര്‍ സഞ്ചരിച്ച് ലാന്‍ഡിംഗ് നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ എത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത എഴുപതോളം വിദ്യാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.
ജൂലായ് 22നാണ് ബാഹുബലി എന്ന വിശേഷണമുള്ള ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍ 2 നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞദൂരമായ 45 കിലോമീറ്ററും കൂടിയദൂരമായ 101 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ സഞ്ചരിക്കുന്നത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെയും മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സിലേയും ശാസ്ത്രജ്ഞര്‍ ലാന്‍ഡറിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷണി ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
ലാന്‍ഡറിനെ സുരക്ഷിതമായി സാവധാനം ചന്ദ്രനില്‍ ഇറക്കുകയെന്നത് സങ്കീര്‍ണത നിറഞ്ഞ ദൗത്യമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍-2 ബഹിരാകാശ രംഗത്ത് നാഴികക്കല്ലായിരിക്കുമെന്ന് മംഗള്‍യാന്‍ പ്രോഗ്രാം ഡയറക്ടറായിരുന്ന അണ്ണാദുരൈയും വ്യക്തമാക്കി.