കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസം കൂടി ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നും ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നിര്‍ദേശിക്കുന്നു.
മഴയുടെ സാധ്യത മുന്നില്‍ക്കണ്ട് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം. വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്.
നീരൊഴുക്കു കൂടിയതിനാല്‍ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തും. കരമനയാറിനു സമീപത്തുള്ളവര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് തൃശൂര്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകളും തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. നാലു ഷട്ടറുകളില്‍ രണ്ടെണ്ണം പത്തു സെന്റിമീറ്റര്‍ വീതം തുറക്കാനാണ് തീരുമാനം. കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പുഴയില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും ആറിഞ്ചായി ഉയര്‍ത്തും. ഇപ്പോള്‍ നാലിഞ്ചാണ് ഉയര്‍ത്തിയിട്ടുള്ളത്. ഡാമില്‍ ഇപ്പോള്‍ 83.7 05 വെള്ളമാണ് ഉള്ളത്.