ഓണത്തിന് സര്‍ക്കാര്‍ സമ്മാനം ; മില്‍മ പാലിന് വില കൂടും
സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്തംബര്‍ 21-ാം തീയതി മുതല്‍ പുതിയ വില നിലവില്‍ വരും. പുതുക്കിയ വിലയുടെ 83.75% കര്‍ഷകന് നല്‍കുവനാണ് തീരുമാനം.
ഇളം നീല കവര്‍ പാലിന്റെ വില 40 ല്‍ നിന്ന് 44 രൂപയും കടുംനീല കവര്‍ പാലിന്റെ വില 41 ല്‍ നിന്ന് 45 രൂപയുമാകും. മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ഏഴ് രൂപ കൂട്ടണമെന്ന മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. നാല് രൂപ കൂടുന്നതില്‍ 3.35 രൂപ ലിറ്ററിന് കര്‍ഷകര്‍ക്ക് കൂടുതലായി കിട്ടും.
കൂടിയ വിലയുടെ 80 ശതമാനം കര്‍ഷന് നല്‍കുമെന്ന് മില്‍മ അറിയിച്ചെങ്കിലും അതിനേക്കാള്‍ അധികം നല്‍കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് 83.75 ശതമാനം വിഹിതം കര്‍ഷകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
ഓണക്കാലത്ത് വില കൂട്ടുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കുമെന്നതിനാലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരുന്നത് ഓണത്തിന് ശേഷം മതിയെന്ന് നിലപാടെടുത്തത്. സര്‍ക്കാര്‍ ഫാമുകളില്‍ പാല്‍ വില കൂടിയിട്ടുണ്ട്. ലിറ്ററിന് 46 രൂപയാണ് ഫാമുകളിലെ നിരക്ക്. 2017 ഫെബ്രുവരിയിലാണ് അവസാനമായി മില്‍മ പാലിന് വില കൂട്ടിയത്.
പ്രളയശേഷം ആഭ്യന്തര ഉത്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്ററിന്റെ കുറവുണ്ടാകുകയും ചെയ്തിരുന്നു. ഓണക്കാലത്തു പാല്‍ ക്ഷാമം രൂക്ഷമാകും. അതുകൊണ്ടു തന്നെ കര്‍ണ്ണാടകയില്‍ നിന്നും പാല്‍ എത്തിക്കുവാനാണ് കോര്‍പ്പറേഷന്‍ തീരുമാനം.